സെഞ്ച്വറികളുടെ കൊടുമുടി

Posted on: 20 Dec 2010



സെഞ്ചൂറിയന്‍: ഒരു മനുഷ്യായുസ്സില്‍ മറ്റൊരു കളിക്കാരനും എത്തിപ്പിടിക്കാനാവാത്ത റെക്കോഡാണ് സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ സെഞ്ചൂറിയനില്‍ കുറിച്ചിട്ടത്. സെഞ്ച്വറി നേടുകയെന്നതുതന്നെ വലിയ കാര്യമായി കരുതുന്ന കളിക്കാര്‍ക്കിടയില്‍ സെഞ്ച്വറികളുടെ അര്‍ധസെഞ്ച്വറി താണ്ടിയതിനെ എന്തു നല്കി വിശേഷിപ്പിക്കും? അന്തരിച്ച ഇതിഹാസ ബാറ്റ്‌സ്മാന്‍ ഡോണ്‍ ബ്രാഡ്മാന്‍, എന്നോളം പോന്നവന്‍ എന്ന് സച്ചിനെ പ്രശംസ കൊണ്ടു മൂടിയത് വെറുതെയല്ല. ഒരു ജീനിയസ്സിനെ തിരിച്ചറിയാന്‍ മറ്റൊരു ജീനിയസ്സിനാവുമെന്നതു കൊണ്ടു തന്നെ. ബ്രാഡ്മാന്റെ വാക്കുകള്‍ക്ക് തിളക്കമേറ്റുകയാണ് സച്ചിന്റെ സെഞ്ചൂറിയനിലെ സെഞ്ച്വറി. സെഞ്ച്വറികളുടെ അര്‍ധസെഞ്ച്വറി സച്ചിന്‍ പിന്നിട്ടത് സെഞ്ചൂറിയനിലാണെന്നത് തീര്‍ത്തും യാദൃച്ഛികം.

വര്‍ത്തമാനകാല ക്രിക്കറ്റില്‍ സച്ചിന്റെ നേട്ടങ്ങള്‍ മറികടക്കാന്‍ മറ്റൊരാളുണ്ടാവില്ലന്നുറപ്പാണ്. സെഞ്ച്വറി നേട്ടത്തില്‍ സച്ചിനു പിന്നിലുള്ള ഇപ്പോഴത്തെ കളിക്കാരില്‍ ഭീഷണിയുയര്‍ത്താവുന്നവര്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും(39) ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസും(38) മാത്രമാണ്. 36 തികഞ്ഞ പോണ്ടിങ്ങിനും 35 പിന്നിട്ട കാലിസിനും സച്ചിന്റെ റെക്കോഡ് മറികടക്കാനുള്ള ബാല്യം ബാക്കിയില്ല.

സെഞ്ച്വറികളുടെ കാര്യത്തില്‍ മാത്രമല്ല റണ്‍ നേട്ടത്തിലും ഈ റണ്‍ മെഷീന് എതിരാളികളില്ല. 175 ടെസ്റ്റുകളില്‍ നിന്ന് 14509 റണ്‍സ്. ശരാശരി 56.89. തൊട്ടുപിന്നിലുള്ള പോണ്ടിങ്ങിന് 151 ടെസ്റ്റില്‍ 12333 റണ്‍സാണുള്ളത്. കാലിസിനാകട്ടെ 143 ടെസ്റ്റില്‍ 11650 റണ്‍സും. 12000 റണ്‍സ് നേടിയിട്ടുള്ള ടീമംഗം രാഹുല്‍ ദ്രാവിഡിന് സച്ചിനെ മറികടക്കാനുള്ള സമയം ബാക്കിയില്ല. ഏകദിനത്തിലും സച്ചിന്‍ ഏറെ മുന്നില്‍ തന്നെ. 442 ഏകദിനങ്ങളില്‍ 17598 റണ്‍സാണ് സച്ചിനുള്ളത്. ഇതില്‍ 46 സെഞ്ച്വറികളും 93 അര്‍ധ സെഞ്ച്വറികളും പെടും.




MathrubhumiMatrimonial