പഴശ്ശിയുടെ പേരില്‍ വയനാട്ടില്‍നിന്ന് കുഞ്ഞു ചെടി

Posted on: 16 Dec 2010

ടി.എം. ശ്രീജിത്ത്‌





കല്പറ്റ: കേരള സിംഹം വീരപഴശ്ശിയുടെ പേരില്‍ വയനാട്ടില്‍നിന്നൊരു ചെടി. കല്പറ്റ ഫോറസ്റ്റ് റേഞ്ചിലെ കുറിച്യര്‍മല നിത്യഹരിത വനത്തില്‍ കണ്ടെത്തിയ വെളുത്ത പൂക്കളുള്ള കുഞ്ഞു ചെടിയാണ് ഇനി പഴശ്ശിരാജയുടെ പേരില്‍ അറിയപ്പെടുക.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1800-കളില്‍ വയനാടന്‍ കാടുകളില്‍ പോരാട്ടം നടത്തിയ പഴശ്ശിയോടുള്ള ആദരസൂചകമായി 'ഇംപേഷ്യന്‍സ് വീരപഴശ്ശി' എന്നാണ് ചെടിക്ക് പേര് നല്‍കിയിരിക്കുന്നത്.ബാള്‍സമിനേസിയ എന്ന സസ്യ കുടുംബത്തിലെ സ്‌കാപിജീറസ് ഇംപേഷ്യന്‍സ് വിഭാഗത്തില്‍പ്പെടുന്നതാണ് മഴക്കാലത്തുമാത്രം കാണുന്ന ഈ ചെടി. മരത്തില്‍ പറ്റിപ്പിടിച്ചാണ് ഇത് വളരുന്നത്.

എം.എസ്. സ്വാമിനാഥന്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. എം.കെ. രതീഷ് നാരായണന്‍, ഡോ. പി. സുജനപാല്‍ എന്നിവര്‍ കേന്ദ്രം ഡയറക്ടര്‍ ഡോ. എന്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പശ്ചിമഘട്ടത്തില്‍ നടത്തിയ പഠനത്തിലാണ് ഈ സസ്യത്തെ കണ്ടെത്തിയത്.

ആഫ്രിക്കയിലെയും ശ്രീലങ്കയിലെയും ഇംപേഷ്യന്‍സ് ചെടികളെക്കുറിച്ച് പഠിച്ച ക്രിസ്റ്റഫര്‍ ഗ്രേവില്‍സണ്‍ ഈ ചെടി ശാസ്ത്രലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്തതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ സസ്യങ്ങളെക്കുറിച്ചുള്ള രാജ്യാന്തര പ്രസിദ്ധീകരണമായ 'ജേണല്‍ ഓഫ് ബൊട്ടാണിക്കല്‍ റിസര്‍ച്ച് ടെക്‌സസ്' ഈ ചെടിയെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്.

കഷ്ടിച്ച് 15 സെന്‍റിമീറ്റര്‍ ഉയരമുള്ള ചെടിക്ക് നീണ്ട് രോമാവൃതമായ ഇലകളാണുള്ളത്. രണ്ടുമാസം നില്‍ക്കുന്ന പൂക്കള്‍ മഴ കഴിയുമ്പോള്‍ ചെടിക്കൊപ്പം അപ്രത്യക്ഷമാകും. മരത്തില്‍ പറ്റിപ്പിടിച്ചുനില്‍ക്കുന്ന കിഴങ്ങ് അടുത്ത മഴക്കാലത്ത് വീണ്ടും കിളിര്‍ക്കും.

ജൈവവൈവിധ്യസമ്പന്നമായ വയനാടന്‍ കാടുകളില്‍ പത്തിലധികം പുതിയ ചെടികളെ സംഘം കണ്ടെത്തിയിട്ടുണ്ട്.



MathrubhumiMatrimonial