githadharsanam

ഗീതാദര്‍ശനം - 669

Posted on: 15 Dec 2010

സി. രാധാകൃഷ്ണന്‍



മോക്ഷസംന്യാസയോഗം


ലഹരികളുടെയും ലഹളകളുടെയും 'സുഖ'ത്തെയാണ് പ്രധാനമായി ഉദ്ദേശിക്കുന്നത്. ബുദ്ധിയും മനസ്സും മയക്കത്തില്‍ അകപ്പെടുമ്പോള്‍ ഉണ്ടാകുന്നതായി തോന്നുന്ന സുഖമാണിത്. എങ്കില്‍പ്പിന്നെ എവിടന്നാണ് ഈ സുഖം ഉണ്ടാകുന്നതെന്നാണെങ്കില്‍, നിദ്ര, ആലസ്യം, പ്രമാദം എന്നിവയില്‍നിന്നു മാത്രം.
ലഹരിയുടെ ഫലമായ ഉറക്കത്തെ മാത്രമല്ല, അറിവിന്റെ ഉണര്‍ച്ചയിലേക്കു വരാതിരിക്കുന്ന അവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്. ധൃതിയുടെ തികഞ്ഞ അഭാവമാണ് ആലസ്യം. ഒന്നും ചെയ്യാതെ ചുരുണ്ടു കിടക്കുന്ന സുഖം ഇവര്‍ക്കുള്ളതാണ്. ആ കിടപ്പും കഷ്ടം, അവിടന്ന് എണീറ്റാലും കഷ്ടം. പ്രമാദം ബുദ്ധിയുടെ ഉന്‍മേഷരാഹിത്യത്താല്‍ സംഭവിക്കുന്ന പിശകാണ്. ജീവിതസന്ദര്‍ഭങ്ങളെ എങ്ങനെ നേരിടണമെന്ന് വിവേകബുദ്ധി അപ്പപ്പോള്‍ പറയാതായാലുള്ള അലംഭാവം സുഖമായിത്തോന്നിയാല്‍ പിന്നെ എന്തു ഗതി?
നമുക്കുള്ള സുഖങ്ങളുടെ തരാതരം നോക്കിയാല്‍ നമ്മുടെ 'ഗുണ'നിലവാരം നമുക്കുതന്നെ കണ്ടെത്താം. ഈ വ്യത്യാസങ്ങളെല്ലാം പ്രകൃതിയില്‍ ഉള്ളതാണ്. ആരെയും പഴിക്കേണ്ടതില്ല. പ്രകൃതി വൈരുധ്യാത്മകമാണ്. ഒരു ഗുണത്തിനു മാത്രമായി നിലനില്പില്ല. ചരാചരങ്ങളിലെല്ലാം മൂന്നു ഗുണങ്ങളും സന്നിഹിതമായി ഇരിക്കുന്നു.


ന തദസ്തി പൃഥിവ്യാം വാ
ദിവി ദേവേഷു വാ പുനഃ
സത്വം പ്രകൃതിജൈര്‍മുക്തം
യദേഭിഃ സ്യാത്ത്രിഭിര്‍ഗുണൈഃ


പ്രകൃതിഘടകങ്ങളായ ഈ മൂന്നു ഗുണങ്ങളില്‍നിന്നു വേര്‍പെട്ടതായി ഏതെങ്കിലും ഒരു ഉരുവം ഭൂമിയില്‍ എന്നല്ല ആകാശത്തോ ദേവന്‍മാര്‍ക്കിടയിലോ വേറെ എവിടെയെങ്കിലുമോ ഉണ്ടാകുക എന്നത് സാധ്യമേ അല്ല.
(തുടരും)



MathrubhumiMatrimonial