
ഗീതാദര്‍ശനം - 668
Posted on: 13 Dec 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും തലങ്ങളിലുള്ള സന്തോഷത്തില്‍ ഇങ്ങനെ ഒരു കെണി ഉണ്ട്. ഉറച്ച ബുദ്ധിയില്ലാത്ത ആളില്‍, ധനം, അധികാരം, ഇന്ദ്രിയസുഖങ്ങള്‍ മുതലായവ അവയ്ക്കായുള്ള കൊതിപ്പിക്കുന്ന സങ്കല്പങ്ങളെ ജനിപ്പിക്കുന്നു. നിറവേറിയാലുമില്ലെന്നാലും ഈ സങ്കല്പം ഒരു ദൂഷിതവലയത്തിലേക്കു നയിക്കുന്നു- നിറവേറാഞ്ഞാല്‍ നിരാശത, ആര്‍ത്തി, തടസ്സങ്ങളുടെ നേര്‍ക്കു പക, കോപം, ബുദ്ധിനാശം; നിറവേറിയാലോ, വര്‍ധിച്ച കൊതിയും ആകാംക്ഷയും. മിഥ്യയായ സന്തോഷത്തിനായാണ് ഇത്രയും യാതനകളും വേദനകളും പ്രയാസങ്ങളും അനുഭവിക്കുന്നതെന്നതാണ് ഇതിലെ ദുരന്തം. കാരണം, കിട്ടാനുള്ള സന്തോഷം അതിനായി സഹിക്കേണ്ടി വരുന്ന ക്ലേശങ്ങളെയും അടിമപ്പെടലിനെയും ആസൂത്രണഭാരത്തെയും അപേക്ഷിച്ച് അതീവ തുച്ഛമാണ്. മോഹിതമായ മനസ്സുള്ള ഇത്തരക്കാര്‍ മറ്റുള്ളവരുടെ ജീവിതംകൂടി നരകമാക്കുന്നു. അവര്‍ എപ്പോഴും പുലരുക വര്‍ത്തമാനകാലത്തല്ല, അനിശ്ചിതത്വങ്ങളുടെയും മോഹങ്ങളുടെയും ഭീതികളുടെയും ഭാവികാലത്താണ്.
രാജസസുഖത്തിന്റെ പരിമിതികള്‍ അറിഞ്ഞില്ലെങ്കില്‍ അത് കര്‍മസംഗം ജനിപ്പിക്കുന്നു. വാസനകളെ ബലപ്പെടുത്തുന്നു. ആത്മസാരൂപ്യത്തിനായി യത്‌നിക്കാന്‍ മനസ്സിനെയോ ബുദ്ധിയെയോ അനുവദിക്കുന്നില്ല. പക്ഷേ, ഇങ്ങനെ അനുഭവിക്കാന്‍ കിട്ടുന്ന എല്ലാ രസങ്ങളും സന്തോഷങ്ങളും അല്പായുസ്സും ദുഃഖപര്യവസായിയുമാണ്. എങ്കിലും ഈ രസങ്ങളും സന്തോഷങ്ങളും ജീവസ്വരൂപത്തെ മയക്കിക്കിടത്തുന്നില്ല. താമസസുഖം അതും ചെയ്യുന്നു.
യദഗ്രേ ചാനുബന്ധേ ച
സുഖം മോഹനമാത്മനഃ
നിദ്രാലസ്യപ്രമാദോത്ഥം
തത്താമസമുദാഹൃതം
യാതൊരു സുഖം നിദ്ര, ആലസ്യം, പ്രമാദം എന്നിവയില്‍നിന്നുണ്ടാകുന്നതും തന്നെത്തന്നെ മയക്കുന്നതുമാണോ ആ സുഖം താമസമെന്നു പറയപ്പെടുന്നു.
(തുടരും)
