
ഗീതാദര്‍ശനം - 665
Posted on: 09 Dec 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
അന്യരെ സഹായിക്കല്‍, പൊതുനന്‍മയ്ക്കായി നടത്തുന്ന ത്യാഗങ്ങള്‍, ആത്മനിയന്ത്രണം എന്നിങ്ങനെയുള്ളതെല്ലാം ബുദ്ധിയുടെ തലത്തില്‍ ആഹ്ലാദം തരുന്നു.
തുടക്കത്തില്‍ കയ്പുറ്റതും ക്ലേശകരവും വേദനാജനകവും ആകാമത്. പക്ഷേ, ഒടുക്കം അമൃതുപോലിരിക്കും. മൂത്തവര്‍ വാക്കും മുതുനെല്ലിക്കയും എന്നപോലെ. ആദ്യം ചവര്‍പ്പ്, പിന്നെ മധുരം, പോഷകം.
മുങ്ങി മരിക്കാന്‍ തുടങ്ങുന്ന ഒരാളെ രക്ഷിക്കാന്‍ വേറൊരാള്‍ നീന്തിച്ചെല്ലുന്നെന്നിരിക്കട്ടെ. രസമുള്ള പണിയല്ല. ആരും ഒന്നും തരുമെന്നു പ്രതീക്ഷിച്ചിട്ടല്ല. ഒഴുക്കുള്ള പുഴയാണ്. ക്ലേശകരമാണ് പണി. കൈകാല്‍ കഴയ്ക്കും, വെള്ളം കുടിക്കേണ്ടി വരാം. തന്റെ ജീവന്‍തന്നെ നഷ്ടമായെന്നുപോലും വരാം.
ആ പരവശനെ പിടിച്ചു വലിച്ച് തിരികെ നീന്തി കരയില്‍ കയറ്റിക്കിടത്തി പ്രഥമശുശ്രൂഷ ചെയ്ത് അയാള്‍ കണ്ണു തുറന്നു നോക്കുമ്പോള്‍ രക്ഷകനുണ്ടാകുന്ന മനസ്സുഖമുണ്ടല്ലോ, അത് സാത്ത്വികമായ സുഖം. ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യം ആജീവനാന്തം ശേഷിക്കുന്നു.
കൈയിലുള്ള ഒരു പ്രിയപ്പെട്ട സാധനം, അതൊരു മിഠായിയാകട്ടെ കുറേ ആയിരമോ ലക്ഷമോ ഉറുപ്പികയോ ഒരു തുണ്ടു ഭൂമിയോ എന്തും ആകട്ടെ, അര്‍ഹിക്കുന്ന മറ്റൊരാളുമായി പങ്കിടുമ്പോള്‍ ആദ്യം ഉണ്ടാകുന്ന വേദനയെ മറികടന്ന് അതു നടത്തിയാല്‍ തുടര്‍ന്നു വരുന്ന ആഹ്ലാദവും ഇതുതന്നെ. നമുക്കു വിശക്കുമ്പോഴും, നമ്മുടെ ആഹാരം മറ്റൊരു വിശക്കുന്നവനുമായി പങ്കുവെച്ചാലും ഇതേ ആഹ്ലാദം ലഭ്യമാണ്.
(തുടരും)
