
ഗീതാദര്‍ശനം - 663
Posted on: 08 Dec 2010
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
കിട്ടാവുന്ന സുഖത്തെപ്പറ്റിയെല്ലാം സുഖമായി അറിഞ്ഞ് ആ സുഖമൊക്കെ സുഖമായി നേടി സുഖമായി എന്നുമിരിക്കാന്‍ നാമെല്ലാവരും ആഗ്രഹിക്കുന്നു. സുഖാന്വേഷികളാണ് എല്ലാ ജീവികളും. കര്‍മത്തിനുള്ള എല്ലാ പ്രേരണകളെയും ഒതുക്കിച്ചുരുക്കി സുഖാന്വേഷണത്വര എന്നു വിളിക്കാം. സുഖത്തിന്റെ കാര്യം ശരിയായാല്‍ നമുക്ക് പരമസുഖമായി! ആകട്ടെ, അതിന് എന്തു വഴി എന്നാലോചിക്കാം.
കിട്ടാവുന്ന സുഖങ്ങളെ തരം തിരിച്ചു കാണാന്‍ ഒരു വഴിയേ ഉള്ളൂ. കിട്ടിയ സുഖങ്ങളെ ശരിയായി തരം തിരിക്കുകതന്നെ. ഈ ലോകത്തില്‍ മനുഷ്യന് കിട്ടാവുന്ന എല്ലാ സുഖങ്ങളെയും വിലയിരുത്താന്‍ ഒരു അരിപ്പ ഇവിടെ ആവിഷ്‌കരിക്കുന്നു. മാറി മാറി വെച്ച് അരിക്കാനായി മൂന്നു തരം വലക്കണ്ണികള്‍ ഇതിനുണ്ട്. അത്യാവശ്യത്തിന് ഇതു മതി. കൂടുതല്‍ വകഭേദങ്ങളുള്ള വലക്കണ്ണികള്‍ യഥേഷ്ടം വിഭാവനം ചെയ്യുകയുമാവാം.
ദുഃഖത്തിനറുതി കണ്ട് രമിക്കാന്‍ നമുക്ക് മൂന്നു സുഖവിതാനങ്ങളുണ്ട്. ഒന്ന്, ഇന്ദ്രിയസുഖങ്ങള്‍. ഏതെങ്കിലുമൊരു ഇന്ദ്രിയത്തിനോ ഇന്ദ്രിയങ്ങളുടെ കൂട്ടായ്മയ്‌ക്കോ ഇഷ്ടമുള്ളതു കിട്ടിയാല്‍ രസമായി. പാട്ടായാലും സൗന്ദര്യമായാലും നല്ല രുചിയായാലും മണമായാലും സുഖകരമായ ഒരു തലോടലായാലും രസം (pleasure) തന്നെ. ഈ സുഖങ്ങള്‍ക്കുള്ള രണ്ടു പരിമിതികള്‍, അവ താത്കാലികമാണെന്നതും ഏതു രസമായാലും അതിന്റെ തുടര്‍ച്ചയായ അനുഭവം വൈരസ്യത്തിലേക്കു നയിക്കുന്നു എന്നതുമാണ്.
(തുടരും)
