
ഗീതാദര്‍ശനം - 662
Posted on: 07 Dec 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
മുന്‍പുണ്ടായ നൈരാശ്യത്തില്‍നിന്ന് ഉളവാകുന്ന നിഴലാണ് ശോകം. നാളെ എന്തുണ്ടാകുമെന്ന ഉത്കണ്ഠയില്‍നിന്നു പിറക്കുന്ന മുന്‍കൂര്‍ വികാരമാണ് വിഷാദം. താത്കാലികമായ കാമാവേശത്തിന്റെ ഉത്പന്നവും ലക്ഷണവുമാണ് മദം.
ശുദ്ധവും ഋജുവുമായ ബുദ്ധിയെ ക്ഷയിപ്പിച്ച്, പകരം യാന്ത്രികമായ ശാഠ്യത്തെ വളര്‍ത്തി, അതിന്റെ വഴിയെ മനസ്സിനെ മദം വലിച്ചിഴച്ചു കൊണ്ടുപോകുന്നു. ഇതുതന്നെയാണ് ആധുനിക മനശ്ശാസ്ത്രത്തില്‍ പറയുന്ന കമ്പല്‍സീവ് ന്യൂറോസിസ്
പിഴച്ച വഴിയിലെ ധൃതിയും പിഴവറ്റ വഴിയിലെ ധൃതിയും ഒരേ തരം കഴിവുതന്നെയാണ്. തമോഗുണപ്രധാനമായ ബുദ്ധിയാണ് ഇവിടെ കുഴപ്പത്തിന് അടിത്തറ. അതിനാല്‍, തമോഗുണപ്രധാനമായ ധൃതിയുള്ള ആളെ ബുദ്ധി ദുഷിച്ചവന്‍ എന്നു പറയുന്നു. ബുദ്ധിയിലാണ് ഊന്നല്‍. ജ്ഞാനത്തിന്റെ വിശുദ്ധിയിലും പൂര്‍ണതയിലുമാണ് എല്ലാമിരിക്കുന്നത്.
അറിവിനു നിരക്കുന്ന രീതിയില്‍ ഓരോരുത്തരും കര്‍മം ചെയ്യുന്നു. അതിനെ ബുദ്ധി നിയന്ത്രിക്കുകയും ധൃതി നിലനിര്‍ത്തുകയും ചെയ്യുന്നു. ഇങ്ങനെ കര്‍മത്തെ ഇത്രയും വിശദമായി പഠിച്ചതിനു ശേഷം, സര്‍വലോകസാധാരണമായ സുഖാനുഭൂതിയുടെ അടിസ്ഥാനത്തിലുംകൂടി കര്‍മഭേദങ്ങളെ അവലോകനം ചെയ്യുന്നു.
സുഖം ത്വിദാനീം ത്രിവിധം
ശൃണു മേ ഭരതര്‍ഷഭ
അഭ്യാസാത് രമതേ യത്ര
ദുഃഖാന്തം ച നിഗച്ഛതി
അല്ലയോ ഭരതകുലശ്രേഷ്ഠാ, നിത്യത്തഴക്കംകൊണ്ട് യാതൊന്നിനാല്‍ ദുഃഖത്തിനറുതി വരുത്തി അഭിരമിക്കുന്നുവോ ആ സുഖംതന്നെ മൂന്നു വിധത്തില്‍ ഉള്ളതിനെപ്പറ്റി ഇനി എന്നില്‍നിന്നു കേട്ടാലും.
(തുടരും)
