
ഗീതാദര്‍ശനം - 661
Posted on: 06 Dec 2010
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
യയാ സ്വപ്നം ഭയം ശോകം
വിഷാദം മദമേവ ച
ന വിമുഞ്ചതി ദുര്‍മേധാ
ധൃതിഃ സാ പാര്‍ഥ താമസീ
അര്‍ജുനാ, അവിവേകി ഏതൊരു ധൃതികൊണ്ട് കിനാവുകള്‍, ഭയം, ശോകം, വിഷാദം, ദുരഭിമാനം എന്നിവയെ വിടാതെ പിടിച്ചിരിക്കുന്നുവൊ ആ ധൃതി താമസമാണ്.
മലര്‍പ്പൊടിക്കാരന്റേതുപോലുള്ള കിനാവുകളെയാണ് (സങ്കല്പങ്ങളെ) സ്വപ്നം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. സങ്കല്പരാജ്യത്ത് അര്‍ധസിംഹാസനം വേണ്ടല്ലൊ.
ധനം, അധികാരം, ഇന്ദ്രിയസുഖങ്ങള്‍ ഇവ മൂന്നാണ് സങ്കല്പങ്ങളുടെ പ്രധാന കാരണങ്ങള്‍. അല്പവും ക്ഷണികവുമായ സുഖങ്ങളെയും അനിത്യമായ സുരക്ഷിതത്വബോധത്തെയും പെരുപ്പിച്ചു കാണിച്ച് സങ്കല്പങ്ങള്‍ വളരുന്നു. സ്വപ്നത്തിന്റെ കുമിള പൊട്ടുന്നതോടെ ദുഃഖപ്രളയമായി. ഉടനെ, ഇതിനൊരു പരിഹാരമെന്ന നിലയില്‍ മനസ്സ് അടുത്ത സ്വപ്നം മെനയുന്നു. എല്ലാതരം ചൂതുകളിക്കാരുടെയും രീതി ഇതാണ്. ധര്‍മദേവന്റെ പുത്രനുപോലും ഭാര്യയെ വരെ പണയം വെച്ചു കളിക്കാന്‍ ഈ സ്വപ്നസിംഹാസനമോഹം ധാരാളം മതിയായി!
മോഹിപ്പിക്കുന്ന സങ്കല്പങ്ങളുടെ ഫലം ഇതാണെങ്കില്‍, അനിഷ്ടസ്വപ്നങ്ങളില്‍നിന്നാണ് ഭയം ഉണ്ടാകുന്നത്. ഭാവനയാണ് ഭയത്തിനാധാരം. വെറുതെ ഉണ്ടാകുന്ന ഒരു തോന്നല്‍ മതി വല്ലാതെ പേടിക്കാന്‍. തൊണ്ടവേദന വന്നാല്‍ കാന്‍സറാണെന്ന് സ്വയം നിശ്ചയിച്ച് വെറുതെ ഭയക്കാം. ഇല്ലാത്ത ശത്രുക്കളെ ഓര്‍ത്ത് രാപകല്‍ കിടിലംകൊള്ളാം. ഒരു മരം പുരപ്പുറത്ത് പതിക്കുമെന്ന അടിസ്ഥാനരഹിതമായ അങ്കലാപ്പ് ഉറക്കം കെടുത്താം. യഥാര്‍ഥമായ കാരണമുണ്ടായിട്ടുമാവാം പേടി. അപ്പോഴും പേടി ജനിക്കുന്നത് സങ്കല്പത്തില്‍ നിന്നാണ്.
(തുടരും)
