
ഗീതാദര്‍ശനം - 656
Posted on: 30 Nov 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
ഈ പ്രപഞ്ചം മുഴുക്കെ എന്റെയാണെന്ന കഥ ഓര്‍ക്കാതെ, എന്തുണ്ടായാലും എനിക്ക് ഒന്നുമായില്ല എന്ന ദാരിദ്ര്യബോധം പേറുന്നവര്‍ നല്ല ഉദാഹരണങ്ങള്‍. തിന്നാനും കുടിക്കാനുമൊന്നും ഇല്ലാതിരിക്കുന്നത് യഥാര്‍ഥ ദാരിദ്ര്യം. ഒരുപാട് ആസ്തിയുണ്ടായിട്ടും തനിക്കുള്ള ഇല്ലായ്മകള്‍ മാത്രം ഓര്‍ത്തു ദുഃഖിക്കുന്നത് സാങ്കല്പികദാരിദ്ര്യം. പലരും ഇത്തരം ദരിദ്രരാണ്. ലോകമെല്ലാം പിടിച്ചടക്കിയ ചക്രവര്‍ത്തിപോലും ഇനിയൊരു ദ്വീപുകൂടി ബാക്കിയുണ്ട് എന്ന് കരയുന്നു ! സന്തോഷം വിധിച്ചിട്ടില്ലാത്ത ജന്മം എന്നല്ലാതെ എന്തു പറയാന്‍ !
എല്ലാമുണ്ടായിട്ടും തനിക്കു കൈവന്ന മനുഷ്യജന്മത്തിന്റെ മഹത്ത്വവും സാധ്യതകളും അറിയാതെ വാഴ്‌വ് പാഴാക്കുന്നവരാണ് രാജസബുദ്ധികള്‍. ഇനിയും വൈകിയില്ല എന്നാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്.
വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാന്‍ കഴിയാത്തവരേക്കാള്‍ മോശപ്പെട്ട ബുദ്ധിയുള്ള ഒരു കൂട്ടരുണ്ട്. കാര്യങ്ങളെല്ലാം നല്ല നിശ്ചയമാണവര്‍ക്ക്. പക്ഷേ, വേണ്ടതൊക്കെ വേണ്ടാത്തതും വേണ്ടാത്തതെല്ലാം വേണ്ടതുമാണെന്നത്രെ അവരുടെ ഉറപ്പ്.
അധര്‍മം ധര്‍മമിതി
യാ മന്യതേ തമസാവൃതാ
സര്‍വ്വാര്‍ഥാന്‍ വിപരീതാംശ്ച
ബുദ്ധിഃ സാ പാര്‍ഥ താമസീ
അറിവില്ലായ്മയാല്‍ മൂടപ്പെട്ട് ഏത് ബുദ്ധിയാണൊ അധര്‍മത്തെ ധര്‍മമായും എല്ലാ കാര്യങ്ങളെയും (സത്യാവസ്ഥയുടെ) നേര്‍വിപരീതമായും കരുതുന്നത്, അല്ലയോ പാര്‍ഥ, ആ ബുദ്ധി തമോഗുണപ്രധാനമാണ്.
(തുടരും)
