
ഗീതാദര്‍ശനം - 653
Posted on: 26 Nov 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
മറ്റെന്തുമെന്നപോലെ ബുദ്ധിയും ധൃതിയും ഈ ഗുണങ്ങളുടെ ചേരുവകളനുസരിച്ചുതന്നെ ഉരുവപ്പെടുന്നു. രണ്ടിനെയും പൊതുവെ മുമ്മൂന്നു തരമായി തിരിക്കാം. ഈ തരംതിരിവുകള്‍ തമ്മില്‍ തൊട്ടുകൂടായ്മ ഇല്ലെന്നുമോര്‍ക്കണം. എല്ലാ ചരാചരങ്ങളിലും എന്നപോലെ ഇവയിലും മൂന്നു ഗുണങ്ങളും കലര്‍ന്നാണ് കാണുന്നത്. ഒന്നു മാത്രമായി ഒരു സൃഷ്ടിയിലും ഉണ്ടാവുക വയ്യ. ഏതെങ്കിലുമൊന്ന് ഒട്ടുമില്ലാതെ ഒരു സൃഷ്ടിയും ഉണ്ടാവുകയും വയ്യ. ഏറ്റക്കുറച്ചിലുകളേ ഏതിലുമുള്ളൂ. ഗുണങ്ങളുടെ മുന്‍ഗണനാക്രമം മാറിമറിയാനുള്ള സാധ്യത എന്നുമെപ്പോഴും ഉണ്ടുതാനും.ആര്‍ എന്തു ചെയ്യുന്നതും അപ്പോഴുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനം അനുസരിച്ചാണല്ലൊ. നിശ്ചയദാര്‍ഢ്യം നിര്‍ണായകവുമാണ്. തന്റെ മുന്നിലുള്ളത് ശത്രുവാണെന്ന യോദ്ധാവിന്റെ അറിവ്, അല്ല മിത്രമാണ് എന്ന തിരിച്ചറിവായാല്‍ ഉടനെ നിശ്ചയദാര്‍ഢ്യവും ദിശ മാറും. ഇവിടെ രാഗദ്വേഷങ്ങള്‍ മാറിമാറി വരുന്നു. പ്രപഞ്ചത്തില്‍ ആര്‍ക്കും ആരും ശത്രുക്കളായി ഇല്ല എന്നാണ് ഒരാളുടെ നിശ്ചിതമായ അറിവെങ്കിലോ ? എല്ലാ ചരാചരങ്ങള്‍ക്കും നല്ലതു വരാനുള്ള പ്രവൃത്തി ചെയ്യാനാവും ദൃഢനിശ്ചയം. അതോടെ, ദ്വന്ദ്വഭാവങ്ങളിലെ ഊഞ്ഞാലാട്ടത്തില്‍നിന്ന് മോചനമായി. ആളുകളെ കടിക്കാന്‍ വരുന്ന പേപ്പട്ടിയെ തല്ലിക്കൊല്ലേണ്ടിവന്നാലും അയാളത് താന്‍ നിമിത്തമാത്രമാണെന്നു മനസ്സിലാക്കി ഒട്ടും ദ്വേഷമില്ലാതെയാവും ചെയ്യുക. താന്‍തന്നെ വളര്‍ത്തിയ ജീവി ആയാലുമല്ലെന്നാലും ഇതിന് ഒരു ഏറ്റക്കുറച്ചിലും വരില്ല. അപ്പോള്‍ അതൊരു ഹിംസയല്ല. അതിന്റെ വാസനാഫലം ഒരു ചെറിയ പോറലായിട്ടുപോലും അയാളില്‍ പതിയുന്നില്ല.
പ്രവൃത്തിം ച നിവൃത്തിം ച
കാര്യാകാര്യേ ഭയാഭയേ
ബന്ധം മോക്ഷം ച യാ വേത്തി
ബുദ്ധിഃ സാ പാര്‍ഥ സാത്വികീ
അല്ലയോ അര്‍ജുനാ, പ്രവൃത്തി എന്ത്, നിവൃത്തി എന്ത്, ചെയ്യേണ്ടതെന്ത്, ചെയ്യരുതാത്തതെന്ത്, ഭയമെന്ത്, അഭയമെന്ത്, ബന്ധമെന്ത്, മോക്ഷമെന്ത് എന്നുള്ളതൊക്കെ ഏതു ബുദ്ധി വേര്‍തിരിച്ചറിയുന്നുവൊ ആ ബുദ്ധി സത്വഗുണപ്രധാനമാണ്.
(തുടരും)
