githadharsanam

ഗീതാദര്‍ശനം - 650

Posted on: 23 Nov 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം

പല രോഗികളും അരോഗരായിട്ടുണ്ടാകാം, അല്ലെങ്കില്‍ മരിച്ചിരിക്കാം. അതു വേറെ കാര്യം. ഇപ്പോഴത്തെ പ്രശ്‌നം തന്റെ മുന്നിലെ മേശപ്പുറത്ത് ഇപ്പോഴുള്ള രോഗി മാത്രം. അയാള്‍ക്കുണ്ടായ രോഗത്തിന് കാരണമായ നിയതി അതു പരിഹരിക്കാന്‍ വൈദ്യനായി തന്നേക്കൂടി നിയോഗിച്ചിരിക്കുന്നു. അത്രതന്നെ.
ജീവിതത്തിലെ ഏതു തുറയിലെ ആര്‍ക്കും സമാനമായ നിലപാട് സ്വീകരിക്കാന്‍ സാധിക്കും. മനുഷ്യരില്‍ എത്ര ശതമാനം പേര്‍ക്കാണ് ഈ തരം കര്‍ത്തൃത്വം സാധിക്കുക എന്നതിന് അനുസരിച്ചിരിക്കും ഇവിടെ ശാന്തിയും സമാധാനവുമെന്ന് തീര്‍ച്ചയല്ലേ ?

രാഗീ കര്‍മഫലപ്രേപ്‌സു ഃ
ലുബേ്ധാ ഹിംസാത്മകോശശുചി ഃ
ഹര്‍ഷശോകാന്വിത ഃ കര്‍ത്താ
രാജസ ഃ പരികീര്‍ത്തിത ഃ

തന്റെ ഇഷ്ടം നടക്കണമെന്ന് സദാ കൊതിക്കുന്നവനും (അതിനാല്‍) മനസ്സ് ഫലേച്ഛയില്‍ കുരുങ്ങിപ്പോയവനും കിട്ടിയതൊന്നും മതിയാകാത്തവനും (കാര്യം നടക്കാന്‍) പരദ്രോഹം ചെയ്യാന്‍ മടിയില്ലാത്തവനും ചിത്തശുദ്ധിയില്ലാത്തവനും സന്തോഷസന്താപങ്ങള്‍ക്ക് (ഒരു പ്രതിരോധവുമില്ലാതെ) വഴങ്ങുന്നവനുമായ കര്‍ത്താവ് രാജസനത്രെ.
രാജസമായ അറിവിന്റെയും രാജസമായ കര്‍മത്തിന്റെയും സന്തതിയും തേരാളിയുമാണ് ഈ ചങ്ങാതി. ഈ കൂട്ടായ്മയ്ക്ക് നല്ല വഴിയിലേക്ക് തിരിയാന്‍ കഴിയായ്കയില്ല. വഴിയോരത്ത് ഗീത നാട്ടിയ ചൂണ്ടുപലകകള്‍ ശ്രദ്ധിച്ചാല്‍ മതി. പക്ഷേ, തോന്നണ്ടേ ? അത്തരമൊരു വഴിത്തിരിവുണ്ടാകുവോളം ഇയാളുടെ സ്ഥിതി മഹാകവി പൂന്താനം ജ്ഞാനപ്പാനയില്‍ പറഞ്ഞതാണ്. എത്ര കിട്ടിയാലും മതിയാവില്ല. മോഹങ്ങള്‍ സദാ പെറ്റു പെരുകിക്കൊണ്ടിരിക്കും. നെയ്യൊഴിക്കുന്തോറും ആളിയാളി കത്തുന്ന തീപോലെ, കിട്ടുന്തോറും അഭിലാഷങ്ങള്‍ പെരുകുന്നു. കാലെടുത്താല്‍ കാല്‍പ്പണം കൂലി നിര്‍ബന്ധം. അറ്റ കൈയിന്ഉപ്പു തേക്കില്ല. മഹാധനം കൈയിലുള്ളപ്പോഴും ദരിദ്രഭാവമേ ഉണ്ടാകൂ. അവനവന്‍ എന്നും അസ്വസ്ഥനായതുകൊണ്ട്, മറ്റ് ആര്‍ക്കെല്ലാം എങ്ങനെയെല്ലാം വേദനിച്ചാലും എന്റെ കാര്യം നടന്നാല്‍ മതി എന്നാണ് മുദ്രാവാക്യം. മനശ്ശുദ്ധി ഇല്ലാത്തതിനാലും തന്റെ യഥാര്‍ഥസന്തോഷം എന്തെന്ന് അറിവില്ലാത്തതിനാലും തിന്മ ചെയ്യാന്‍ റെഡി. എല്ലാറ്റിനും ഉത്തരവാദി 'ഞാന്‍' മാത്രം ആയതുകൊണ്ട്, ഒരു ചില്ലിക്കാശ് കൈമോശം വന്നാല്‍ മൂന്ന് ദിവസം ഉറക്കം വരില്ല. വഴിയിലൊരു ഉണ്ണിമാങ്ങ വീണുകിട്ടിയാല്‍ മഹാസന്തോഷത്തില്‍ മുഴുകുകയും ചെയ്യും.

(തുടരും)



MathrubhumiMatrimonial