githadharsanam

ഗീതാദര്‍ശനം - 647

Posted on: 19 Nov 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം

രാജസമായ അറിവിന്റെ ഫലമാണ് രാജസമായ കര്‍മം. പ്രപഞ്ചത്തിന്റെ ഏകമായ അധിഷ്ഠാനം അറിയായ്കയാണ് രാജസജ്ഞാനത്തിലെ പ്രാഥമികദോഷം. വിഭാഗീയതകളുടെ അടിസ്ഥാനത്തിലാവും അപ്പോള്‍ പ്രവൃത്തി. എനിക്കോ എന്റെ ആളുകള്‍ക്കോ മാത്രം സുഖം ഉണ്ടാകണമെന്നു നിശ്ചയിക്കുന്നു. ഞാന്‍ കേമന്‍ എന്നു കൂടുതലായി തോന്നാനായാണ് പണിയെടുക്കുക. ഇങ്ങനെ അവനവനുവേണ്ടി മാത്രം ഫലത്തില്‍ ആസക്തിയോടുകൂടി ചെയ്യുന്ന ജോലി എപ്പോഴും ക്ലേശകരവും ഉദ്വേഗഭരിതവും മനസ്സമാധാനം കെടുത്തുന്നതുമാകും.

ഞാനും പ്രപഞ്ചവും വെവ്വേറെ ആകുമ്പോള്‍ എന്റെ സന്തോഷമെന്നത് ഞാന്‍ എനിക്കു പുറമെനിന്ന് വാരിയും കോരിയും കഷ്ടപ്പെട്ടുണ്ടാക്കേണ്ട ഒരു സംഗതിയായിത്തീരും. പ്രശാന്തമായ മനസ്സിന്റെ അകത്തുനിന്നു വരുന്ന കലര്‍പ്പില്ലാത്ത ആനന്ദം കിട്ടുകയും ഇല്ല. 'ഞാന്‍' ആണ് കേന്ദ്രബിന്ദു. ആ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുമ്പോള്‍ അല്പസ്വല്പം ഇന്ദ്രിയസുഖവും മനസ്സിന് ഇത്തിരി താത്കാലികസന്തോഷവും മാത്രമേ നേടാനാവൂ. ഇതേയുള്ളൂ 'എന്റെ' സന്തോഷങ്ങള്‍ എന്ന ധാരണ വേരു പിടിക്കുകയും ചെയ്യും. ആ ധാരണയില്‍ ഉറച്ചുപോയാല്‍ കിട്ടുന്നതിലൊന്നും തൃപ്തി വരാതെ കൂടുതല്‍ അത്തരം അനുഭവങ്ങള്‍ക്ക് ആര്‍ത്തി കൂടുകയും ചെയ്യുന്നു. ഈ അനുഭവങ്ങള്‍ തെറ്റായ വഴികളിലൂടെയാണ് ലഭിക്കുന്നതെങ്കില്‍ പിന്നെ ഇവരുടെ മനഃസ്ഥിതി കൂടുതല്‍ അപകടത്തിലാവുന്നു. എങ്ങനെയായാലും പരംപൊരുളുമായുള്ള താദാത്മ്യത്തിലൂടെ മാത്രം കിട്ടാവുന്ന അഴിവില്ലാസ്സുഖം എന്ന ആനന്ദം അപ്രാപ്യമായിപ്പോകുന്നു. അത്രയുമല്ല, ഫലേച്ഛയുടെയും സംഗത്തിന്റെയും കല്‍വരകള്‍ വാസനകളായി പതിയുകയും ചെയ്യുന്നു.
(തുടരും)



MathrubhumiMatrimonial