
ഗീതാദര്‍ശനം - 643
Posted on: 15 Nov 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
വിഭാഗീയതകളാണ് ഭൂമിയില്‍ നരകം സൃഷ്ടിക്കുന്നത്. രാജസബുദ്ധിക്ക് അടിമപ്പെട്ട് ഞാന്‍ ലോകം നന്നാക്കാനിറങ്ങിയതാണ് എന്ന് ധരിച്ചുകൊണ്ട്, തര്‍ക്കങ്ങളിലും പഴിചാരലിലും യുദ്ധങ്ങളിലും വരെ അഹങ്കാരത്തോടെ ചെന്നു ചാടുന്നു. (നന്മയുടെ പേരിലുള്ള തെറ്റായ ധാരണകളാണ് ഏറ്റവും അപകടകരവും അതിക്രമിക്കാന്‍ ഏറ്റവും പ്രയാസമുള്ളതും.) ഈ 'ഞാനി'ല്‍നിന്നു മാറി, കല്ലുപോലും 'ഞാനാ'ണ് എന്ന അറിവ് എന്നുണ്ടാകുന്നുവൊ അന്നേ, കാഴ്ചപ്പാട് നേരെയാകൂ. അപ്പോഴേ, എല്ലാമായി ജനിച്ച ഞാന്‍ ആരോരുമില്ലാത്ത അരക്ഷിതനും അനാഥനും (അതിനാല്‍ അക്രമിയും) ആയ ഞാനായി തരംതാണുപോകുന്നത് അവസാനിക്കൂ. പിന്നെ, പരിസ്ഥിതിദൂഷ്യത്തെക്കുറിച്ചൊ ദുഷ്ടമായ മനഃസ്ഥിതിയെക്കുറിച്ചൊ ഒരു ആശങ്കയും വേണ്ടിവരില്ല. അതിര്‍ത്തികളും സേനകളും ആയുധങ്ങളും ഉണ്ടാവില്ല. 'സ്വര്‍ഗനഷ്ടം' സംഭവിക്കില്ല.
പൃഥക്ത്വേന തു യത് ജ്ഞാനം
നാനാ ഭാവാന്‍ പൃഥഗ്വിധാന്‍
വേത്തി സര്‍വ്വേഷു ഭൂതേഷു
തത് ജ്ഞാനം വിദ്ധി രാജസം
എന്നാല്‍, ഏതൊരറിവാണൊ ചരാചരസര്‍വസ്വത്തില്‍ (അതിന്റെ നൈരന്തര്യം കാണാതെ) പ്രത്യേകം പ്രത്യേകം വെവ്വേറെയായി തിരിഞ്ഞ വിവിധപദാര്‍ഥങ്ങളെ (മാത്രം) കാണുന്നത്, ആ ജ്ഞാനം രജോഗുണപ്രധാനമാണ് എന്നറിയുക.
മഹാരാജാവായി ജനിച്ച് സ്വപ്രയത്‌നംകൊണ്ട് ഇരപ്പാളിയാകുന്ന വീഴ്ചയാണ് ഇത്. എല്ലാം ഒന്നാണ്, അതു ഞാനാണ്, എന്റെയാണ് എന്ന സത്യസ്ഥിതി ബോധ്യപ്പെടാതെ പിണങ്ങിപ്പിരിഞ്ഞ് ഒറ്റപ്പെട്ടൊറ്റപ്പെട്ട് ഒടുങ്ങുകയെന്ന ജീവിതദുരന്തം പരമദയനീയംതന്നെ.
തുടരും
