githadharsanam

ഗീതാദര്‍ശനം - 639

Posted on: 09 Nov 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം

എല്ലാ ചരാചരങ്ങളുടെയും ഉണ്മ പരമാത്മസ്വരൂപം മാത്രമാണ്. അത് ആരാലെങ്കിലും കൊല്ലപ്പെടുകയോ ആരെയെങ്കിലും കൊല്ലുകയോ ചെയ്യുന്നില്ല. ('നായം ഹന്തി ന ഹന്യതേ' - 2, 19). അതിന് കര്‍മവാസനകളില്ല. നാം പരംപൊരുളിന്റെ തലത്തില്‍ നിലകൊണ്ടു പ്രവര്‍ത്തിക്കുമ്പോഴേ കര്‍മഫലങ്ങളുടെ ബന്ധനത്തില്‍നിന്നു മുക്തരാകുന്നുള്ളൂ. ഇതു സംഭവിക്കണമെങ്കില്‍ ദൈവീസമ്പത്തിനെ അവലംബിച്ച് അറിവു സമ്പാദിച്ചു വേണംതാനും. ചുരുക്കത്തില്‍, രാഗദ്വേഷങ്ങള്‍ക്ക് അടിമകളായവര്‍ക്കോ ഞാന്‍ വേറെ, പ്രപഞ്ചം വേറെ എന്ന തോന്നലുള്ളവര്‍ക്കോ അഹങ്കാരമുള്ളവര്‍ക്കോ ഈ ശ്ലോകതാത്പര്യത്തെ സ്വാംശീകരിക്കാന്‍ ഒരു വിധത്തിലും ഒക്കില്ല. ഈശ്വരവിശ്വാസത്തിന്റെ പേരില്‍ ലോകത്തെ മുഴുവന്‍ കൊന്നാലും പുണ്യമാണെന്ന തരത്തില്‍ ഈ പദ്യത്തെ മനസ്സിലാക്കിയാല്‍ പരമാബദ്ധവുമായി.

അടുത്ത പടിയായി, കര്‍മത്തിനുള്ള ചോദനയെ അപഗ്രഥിച്ച്, മനുഷ്യന് കര്‍ത്തൃത്വാഹങ്കാരമുണ്ടാകുന്ന പശ്ചാത്തലത്തെപ്പറ്റി മനശ്ശാസ്ത്രപഠനം നടത്തുന്നു.
ജ്ഞാനം ജ്ഞേയം പരിജ്ഞാതാ
ത്രിവിധാ കര്‍മചോദനാ
കരണം കര്‍മ കര്‍ത്തേതി
ത്രിവിധഃ കര്‍മസംഗ്രഹഃ
അറിവ്, അറിവിന് വിഷയമായത്, അറിയുന്നവന്‍ എന്നിങ്ങനെ കര്‍മപ്രേരണകള്‍ മൂന്നു വിധമാകുന്നു. കര്‍മനിര്‍വാഹകങ്ങളാകട്ടെ, കര്‍മം, കര്‍മത്തിനുള്ള ഉപകരണം, കര്‍ത്താവ് ഇങ്ങനെ മൂന്നു തരത്തില്‍ ഇരിക്കുന്നു.
കര്‍മം ചെയ്യുന്ന ആളുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് ഈ വിശകലനം എന്നു പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിഷപ്പാമ്പിനെ കണ്ടാല്‍ ഓടുന്നത് പാമ്പിന് വിഷമുണ്ടെന്ന അറിവിന്റെ പ്രേരണയാലാണ്. ഈ അറിവ് എപ്പോഴുമുള്ളതാകയാല്‍ ഇപ്പോള്‍ ഓടാന്‍ കാരണം ഈ അറിവിന് വിഷയമായ വസ്തുവിന്റെ സാന്നിധ്യമാണ്. ഓടുന്ന ആളുടെ ഉള്ളിലെ ജീവഭയമാണ്, അതായത് ആ ആള്‍തന്നെയാണ്, മൂന്നാമത്തെ പ്രചോദനം. ഈ മൂന്നുമുണ്ടെങ്കിലേ കര്‍മം നടക്കൂ. കയറിനെ പാമ്പായി തെറ്റായി അറിഞ്ഞാലും ഓടും. വിഷമില്ലാത്ത പാമ്പിനെ കണ്ടാലും ചിലപ്പോള്‍ ഓടും. ഇപ്പോള്‍, അറിവിനു വിഷയമായ വസ്തുവില്‍നിന്നുള്ള പ്രേരണ മിഥ്യയാണ്.

(തുടരും)



MathrubhumiMatrimonial