
ഗീതാദര്‍ശനം - 638
Posted on: 08 Nov 2010
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
യസ്യ നാഹംകൃതോ ഭാവഃ
ബുദ്ധിര്‍യസ്യ ന ലിപ്യതേ
ഹത്വാപി സ ഇമാന്‍ ലോകാന്‍
ന ഹന്തി ന നിബദ്ധ്യതേ
ആര്‍ക്കാണോ 'ഞാനാണ് ചെയ്യുന്ന'തെന്ന അഹങ്കാരഭാവമില്ലാത്തത്, ആരുടെ ബുദ്ധിയാണോ സംഗബദ്ധമാകാതിരിക്കുന്നത്, അവന്‍ ഈ കാണുന്ന (മുഴുവന്‍) ലോകത്തെയും ഹനിച്ചാല്‍പ്പോലും ആരെയും ഹനിക്കുന്നില്ല, (ആ കര്‍മത്താല്‍) ബന്ധിതനാകുന്നുമില്ല.
പ്രപഞ്ചത്തില്‍ സ്വാഭാവികമായി സംഭവിക്കുന്നതിനൊന്നും പ്രത്യേകിച്ചാരും ഉത്തരവാദികളല്ല. ഒരു പരുന്ത് ഒരു പാറപ്പുറത്ത് പറന്നിരുന്നതിനാലുണ്ടായ അധികഭാരമാകാം ഒരു ഉരുള്‍പൊട്ടലിന് ചിലപ്പോള്‍ അവസാനകാരണം. ആ പക്ഷി പക്ഷേ, ആ ദുരന്തത്തിന് ഉത്തരവാദിയല്ല. ആണെന്ന് ആ പക്ഷിക്കു തോന്നിയാലോ? ആജീവനാന്തസങ്കടമായിരിക്കും ഫലം. ഒന്നുമറിയാത്തതിനാല്‍ പക്ഷേ, ഈ തോന്നലും ആ പക്ഷിക്കുണ്ടാകുന്നില്ല. പക്ഷിയേക്കാള്‍ കുറച്ചുകൂടി അറിയാമെങ്കിലും മുഴുവനായി അറിഞ്ഞിട്ടില്ലാത്ത മനുഷ്യരായ നമുക്ക് ഇത്തരം സാഹചര്യത്തില്‍ 'ഞാനാണ് അത് ചെയ്ത'തെന്ന തോന്നല്‍ ഉണ്ടാകാം. പ്രപഞ്ചത്തിന്റെ മൊത്തം സംവിധാനവും അധിഷ്ഠാനവും അറിവായാലേ ഈ കുരുക്കില്‍നിന്ന് മോചനമുള്ളൂ. അനന്തമായ കാരണച്ചങ്ങലയുടെ, നമുക്കു കാണാനാവുന്ന ഏതാനും കണ്ണികളില്‍ പിടിച്ച് നാം എല്ലാ സംഭവങ്ങള്‍ക്കും ഉത്തരവാദികളെ കണ്ടെത്തുന്നു, പലതിനും ഉത്തരവാദികളായി സ്വയം പ്രതിഷ്ഠിക്കയും ചെയ്യുന്നു.
മറ്റേ അറ്റത്ത്, ചെയ്തിയുടെ ഉത്തരവാദിത്വത്തെപ്പറ്റി ബോധമേ ഇല്ലാതിരിക്കുക എന്നത് ജീവികളുടെ പ്രാകൃതാവസ്ഥയാണ്. നേരത്തേ പറഞ്ഞ പക്ഷിയും ഇര പിടിക്കുന്ന ജീവികളും ആത്മരക്ഷയ്ക്കു വേണ്ടി കൊല ചെയ്യുന്ന ജന്തുക്കളും മാത്രമല്ല സുനാമിയും ചുഴലിക്കാറ്റും ഭൂകമ്പവുമെല്ലാം ഈ അവസ്ഥയിലാണ്. ഇവിടന്ന് വളര്‍ന്ന് പുരോഗമിച്ച്, എല്ലാറ്റിനും അധിഷ്ഠാനം പരംപൊരുള്‍ മാത്രമാണെന്ന അനുഭവജ്ഞാനം ആര്‍ജിച്ച സ്ഥിതിയാണ് ജീവപരിണാമത്തിന്റെ ആത്യന്തികാവസ്ഥ. ഇതിനു രണ്ടിനുമിടയില്‍ നില്‍ക്കെയുള്ള മനുഷ്യന്റെ തോന്നലാണ് ഞാനാണ് ഇതു ചെയ്യുന്നത് എന്ന്. വൈരുധ്യാത്മകപ്രകൃതിയുടെ സംഭാവനയായ ഈ തോന്നല്‍ വാസനകളെ ദൃഢപ്പെടുത്തുകയും കര്‍മബന്ധനച്ചുഴിയുടെ ആഴങ്ങളിലേക്ക് മുക്കിത്താഴ്ത്തുകയും ചെയ്യുന്നു.
(തുടരും)
