
ഗീതാദര്‍ശനം - 635
Posted on: 04 Nov 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
ഈ ചലനങ്ങളുടെയെല്ലാം പിന്നില്‍ അധിഷ്ഠാനവും കര്‍ത്താവും കരണങ്ങളും തീര്‍ച്ചയായും ഉണ്ട്. അങ്ങനെയാണ് പ്രപഞ്ചത്തിലെ എല്ലാറ്റിനും ജീവന്‍ ഉണ്ട് എന്ന സത്യം നാം തിരിച്ചറിയുന്നത്. സജീവമല്ലാതെ ഒരു അണുകണംപോലുമില്ല. എല്ലാറ്റിലും കര്‍ത്തൃഭാവവും തീര്‍ച്ചയായും ഉണ്ട്, അന്തക്കരണവുമുണ്ട്. അതു രണ്ടിന്റെയും സമാഹാരങ്ങളാണ് വലിയ ക്ഷേത്രങ്ങളുടെയും സമാന്തരഭാവങ്ങള്‍. അങ്ങനെയാണ് സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും പഞ്ചഭൂതങ്ങളെയും പറ്റി പണ്ടുള്ളവര്‍ കരുതിപ്പോന്നത്. പ്രപഞ്ചത്തില്‍ സംഭവിക്കുന്ന എല്ലാറ്റിന്റെയും കര്‍ത്താവ് പരാപ്രകൃതിയാണെന്ന് മുന്നധ്യായങ്ങളില്‍ പറഞ്ഞു.
അഞ്ചാമത്തെ കര്‍മഹേതുവാണ് വിധി. 'തലയിലെഴുത്ത്' എന്ന അന്ധവിശ്വാസമായല്ല ഇതിനെ മനസ്സിലാക്കേണ്ടത്. എല്ലാം മുന്‍നിശ്ചിതമാണ് എന്ന അര്‍ഥമെടുക്കുകയുമരുത്. യാദൃച്ഛികത അനിവാര്യമാണെന്ന് സയന്‍സ് പറയുന്നല്ലൊ. എല്ലാറ്റിന്റെയും കര്‍മം മറ്റെല്ലാറ്റിന്റെയും മറ്റെല്ലാ കര്‍മങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ കര്‍മങ്ങളും ഒരുമിച്ച് കണക്കിലെടുത്താലേ എന്തിന്റെയും ഭാവിതെറ്റാതെ പ്രവചിക്കാനാവൂ. അത് നടപ്പുള്ള കാര്യമല്ലതാനും. ''മറ്റു കാര്യങ്ങള്‍ മാറാതെ നിന്നാല്‍'' എന്നാണ് പ്രവചനവിഷയത്തില്‍ സയന്‍സ് എല്ലായിപ്പോഴും പറയുന്ന നിബന്ധന. ഈ 'മറ്റു' കാര്യങ്ങള്‍ മിക്കതും നിമിഷംപ്രതി മാറാതിരിക്കയുമില്ല. എല്ലാ മാറ്റങ്ങളുടെയും തത്സമയ കണക്കെടുപ്പ് ഒരു കാലത്തും ഒരു ഉപായംകൊണ്ടും സാധ്യവുമല്ല.
അതായത്, കാര്യങ്ങള്‍ എല്ലാമെല്ലാം അറിയാന്‍ കഴിയായ്മകൊണ്ടുള്ള പരാധീനതയെയാണ് നാം വിധി എന്നു വിളിക്കുന്നത്. ചൂതാട്ടക്കാര്‍ അതിനെ വെല്ലുവിളിക്കുന്നു. അലസന്‍മാര്‍ അതിനെ അകര്‍മണ്യതയ്ക്ക് ന്യായീകരണമാക്കുന്നു. കാറ്റും മഴയും വന്ന് കൃഷിനാശം ഉണ്ടാകാതെ കഴിഞ്ഞാല്‍ പഴമക്കാര്‍ ദൈവാധീനം എന്നു പരംപൊരുളിനെ വണങ്ങും. വിപരീതം വന്നാല്‍, സുകൃതക്ഷയം നീങ്ങിക്കിട്ടാന്‍, വീണ്ടും പരംപൊരുളിനെത്തന്നെ നമിക്കും. വിധിയെ കീഴടക്കാന്‍ പോയവരാരും ഇന്നേവരെ ജയിച്ചിട്ടില്ല;കര്‍മഫലത്യാഗികളായ മഹാന്മാരല്ലാതെ. അവരെ സംബന്ധിച്ചിടത്തോളം എന്തുണ്ടായാലും ദൈവാധീനമാണല്ലോ.
അധിഷ്ഠാനത്തില്‍നിന്നു തുടങ്ങുന്ന കര്‍മശൃംഖല അധിഷ്ഠാനത്തില്‍ തിരിച്ചെത്തിയാല്‍ അവസാനിക്കുന്നു. ഇതാണ് കര്‍മരഹസ്യം. ഇപ്പറഞ്ഞ അഞ്ചു ഘടകങ്ങളെ പരിശോധിച്ചാല്‍ ഒരു കാര്യം ഉടനെ വ്യക്തമാവും: മനുഷ്യന്‍ കര്‍ത്തൃത്വാഭിമാനിയാകുമ്പോള്‍ നിയന്ത്രിക്കാന്‍ പ്രകടമായ സ്വാതന്ത്ര്യമുള്ളത് കരണങ്ങളെയും ചലനങ്ങളെയും മാത്രമാണ്.
