
ഗീതാദര്‍ശനം - 633
Posted on: 02 Nov 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
പഞ്ചൈതാനി മഹാബാഹോ
കാരണാനി നിബോധ മേ
സാംഖ്യേ കൃതാന്തേ പ്രോക്താനി
സിദ്ധയേ സര്‍വകര്‍മണാം
ഹേ മഹാബാഹുവായ അര്‍ജുനാ, എല്ലാ കര്‍മങ്ങളുടെയും വിജയകരമായ നടത്തിപ്പിന്, കര്‍മപരിസമാപ്തിയെ പരാമര്‍ശിക്കുന്ന അധ്യാത്മശാസ്ത്രത്തില്‍ (സാംഖ്യശാസ്ത്രത്തില്‍) പറയപ്പെട്ട (താഴെ ചൂണ്ടിക്കാട്ടുന്ന) അഞ്ചുകാരണങ്ങളെ എന്നില്‍നിന്ന് മനസ്സിലാക്കുക.
(ഇപ്പോള്‍ ലഭ്യമായ സാംഖ്യശാസ്ത്രത്തില്‍ കര്‍മത്തിന്റെ ഈ അഞ്ചുഘടകങ്ങളെക്കുറിച്ച് പരാമര്‍ശമില്ല. വ്യാസരുടെ കാലത്തുണ്ടായിരുന്നതില്‍ ഇതുകൂടി ചര്‍ച്ച ചെയ്തിരുന്നോ എന്നു നിശ്ചയിക്കാനുമാവില്ല. അതിനാല്‍, 'കൃതാന്തേ സാംഖ്യേ' എന്നതിന് ഇവിടെ സംഗതമായി എടുക്കാവുന്നത്, കര്‍മത്തിന്റെ പരിസമാപ്തിയെ പരാമര്‍ശിക്കുന്ന ഉപനിഷത്തുക്കള്‍, ആദ്ധ്യാത്മികജ്ഞാനഗ്രന്ഥങ്ങള്‍ എന്ന അര്‍ഥമായിരിക്കുമെന്ന് ചിന്മയാനന്ദസ്വാമികള്‍ നിരൂപിക്കുന്നു. ''സര്‍വം കര്‍മാഖിലം പാര്‍ഥ....'' (4, 33) എന്നു പ്രഖ്യാപിക്കുന്നുമുണ്ടല്ലൊ.)
കര്‍മത്തിന്റെ ഉത്പത്തിസ്ഥാനം തെരയുന്നതാണ് സത്യാന്വേഷണം. അതുകണ്ടെത്തുന്നതാണ് സത്യസാക്ഷാത്കാരം. പരംപൊരുളില്‍നിന്നാണ്, പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദത്തില്നിന്നാണ്, എല്ലാ കര്‍മങ്ങളുടെയും ഉദയം. പരംപൊരുളിനെ അറിയാന്‍ തുടങ്ങുമ്പോള്‍ കര്‍മത്തിന്റെ അടിവേരുമുതല്‍ പിടികിട്ടാന്‍ വഴിയായി. അവനവന്റെ ഉള്ളില്‍ തെരയുന്നതാണ് എളുപ്പം. ആ തെരച്ചില്‍ പൂര്‍ത്തിയാക്കിയ ശാസ്ത്രത്തിലെ കര്‍മവിശകലനമാണ് ഇവിടെ നമുക്ക് അനുഗ്രഹമാകുന്നത്.
കര്‍മം എന്ന കുരുക്കിന്റെ വാലും തലയും തിരിച്ചു കാണിച്ചുതന്നാല്‍ അഴിക്കാന്‍ എളുപ്പമായി. ഇന്ദ്രജാലക്കാരന്‍ കാണിക്കുന്ന വിദ്യയുടെ മൊത്തമായ ആസൂത്രണം വെളിപ്പെട്ടാലല്ലെ അതിലെ 'സൂത്രം' തിരിച്ചറിയാനാവൂ? ഒരു സംഘത്തില്‍ എത്ര പേര്‍ ഉണ്ടെന്നും അത് ആരെല്ലാമെന്നും ഏതു തരക്കാരെന്നും അറിഞ്ഞാല്‍ ആ സംഘത്തെ അഭിമുഖീകരിക്കെ അതില്‍ ആരോട് എങ്ങനെയെല്ലാം പെരുമാറണമെന്ന് തീര്‍ച്ച കിട്ടുന്നു.
