
ഗീതാദര്‍ശനം - 632
Posted on: 01 Nov 2010
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
ഫലേച്ഛാത്യാഗം പൂര്‍ണമായാല്‍ പരമാത്മസ്വരൂപത്തില്‍ നിന്നുകൊണ്ട് വിഹിതകര്‍മങ്ങള്‍ അവ്യയമായ ആനന്ദത്തോടെ ചെയ്തുതീര്‍ക്കാന്‍ കഴിയുന്നു. പിന്നെ ഭൗതികലോകത്തുള്ള ഇഷ്ടവും അനിഷ്ടവുമായ ഫലങ്ങള്‍ക്ക് എന്ത് പ്രസക്തി? അതിനാലാണ് കര്‍മങ്ങള്‍ക്ക് പിന്നെ ഫലമില്ല എന്നു പറയുന്നത്. അല്ലാതെ സംന്യാസി വിതച്ചാല്‍ കിളിര്‍ക്കില്ലെന്നൊ വിളയില്ല എന്നൊ അല്ല അര്‍ഥം. സംന്യാസി വിതയ്ക്കാതിരിക്കയാണ് വേണ്ടത് എന്ന സൂചനയുമില്ല. സംന്യാസിയായാലും അല്ലെങ്കിലും നിയതകര്‍മങ്ങള്‍ ചെയ്യുന്നതിലൂടെ തന്റെ പങ്ക് ഏവനും നിര്‍വഹിച്ചുകൊണ്ടേ ഇരിക്കണമെന്നാണ് ഗീതാമതം. ഞാനൊരു യോഗിയായെന്നു വെച്ച് എന്നെ ചുമക്കാന്‍ ആര്‍ക്കും ഒരു ബാധ്യതയും ഇല്ല, ഉണ്ടാക്കാനിടയായാല്‍ യോഗമല്ല, അവിടെയും ഇവിടെയും എത്താത്ത ഭോഗമാണത്.
കര്‍മങ്ങള്‍ തരുന്ന ക്ഷരലോകത്തിലെ തുച്ഛമായ ഫലങ്ങളിലുള്ള സംഗം രജോഗുണാധിക്യത്താല്‍ വേരുപിടിച്ചാണ് നമ്മുടെ ഉള്ളില്‍ അസുരന്മാര്‍ ജനിക്കുന്നതും വളരുന്നതും. ഈ ഫലങ്ങള്‍ ക്ഷണികവും തുച്ഛവുമാണെന്നുള്ള അറിവും അവയുടെ ത്യാഗത്തിന് പ്രേരിപ്പിക്കുന്ന ദേവന്‍മാരും നമ്മുടെ അകമേതന്നെ ഉണ്ട്. ദേവാസുരയുദ്ധമായാലും കുരുക്ഷേത്രയുദ്ധമായാലും തുടര്‍ച്ചയായി നടക്കുന്നത് നമ്മുടെ ഉള്ളില്‍ത്തന്നെയാണ്. ഈ യുദ്ധം പൊരുതിജയിക്കുകയാണ് മോക്ഷപുരുഷാര്‍ഥം നേടാനുള്ള ഒരെ ഒരു വഴി. അസംഗമെന്ന ഉറപ്പുള്ള ആയുധംകൊണ്ടു വേണം അസുരനിഗ്രഹം.
ഭൂതകാലസ്മരണകളില്‍ വിഷമിക്കാതെയും ഭാവികാലത്തെക്കുറിച്ചുള്ള ഭയാശങ്കകള്‍ വെടിഞ്ഞും ഈശ്വരാരാധന എന്ന നിലയില്‍ വര്‍ത്തമാനകാലത്ത് കര്‍മങ്ങളില്‍ മുഴുകിയാല്‍ സങ്കല്പജന്യങ്ങളായ കെട്ടുപാടുകളില്‍നിന്ന് തീര്‍ത്തും സ്വതന്ത്രരാകും.
(തുടരും)
