githadharsanam

ഗീതാദര്‍ശനം - 629

Posted on: 28 Oct 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


ഇങ്ങനെ വാസനകള്‍ ഒടുങ്ങിയാലോ? പിന്നെ കര്‍മമെന്തിന്? പ്രപഞ്ചമെന്ന സിംഫണിയില്‍ ഭാഗഭാക്കാകാന്‍തന്നെ. ലയം സാധിക്കുന്നത് ആ അവസ്ഥയിലാണ്. കര്‍മങ്ങള്‍ അവസാനിക്കുന്നിടത്തല്ല സാക്ഷാത്കാരം തുടങ്ങുന്നത്. വാസനകളൊടുങ്ങിയാല്‍പ്പിന്നെ ഓരോ കര്‍മവും സാക്ഷാത്കാരത്തുടര്‍ച്ചയാണ്. നിര്‍മമമായി ലോകത്തെങ്ങും പ്രകാശംപരത്തുന്ന സൂര്യന്റേതുപോലുള്ള അത്തരം കര്‍മമാണ് മാനുഷികാവസ്ഥയിലെ ആത്യന്തികധര്‍മം.

നഹി ദേഹഭൃതാ ശക്യം
ത്യക്തും കര്‍മാണ്യശേഷതഃ
യസ്തു കര്‍മഫലത്യാഗീ
സ ത്യാഗീത്യഭിധീയതേ

ദേഹമുള്ള ആര്‍ക്കും കര്‍മങ്ങളെ തീര്‍ത്തും ത്യജിക്കാന്‍ സാധിക്കില്ല. എന്നാല്‍ ആരാണോ കര്‍മഫലേച്ഛ വെടിയുന്നത് അവന്‍ ത്യാഗീ എന്ന് വിളിക്കപ്പെടുന്നു.

കര്‍മത്തിന്റെ ഉത്പന്നമാണ് ദേഹം. കര്‍മത്തിലാണ് അത് ഉണ്ടാകുന്നത്, നിലനില്‍ക്കുന്നത്, തിരികെ ലയിക്കുന്നത്. ദേഹമുള്ളിടത്തോളം ആര്‍ക്കും ഒരു ക്ഷണംപോലും കര്‍മം ചെയ്യാതെ കഴിയാന്‍ പറ്റില്ലെന്ന് മൂന്നാമധ്യായം അഞ്ചാം ശ്ലോകത്തില്‍ പറഞ്ഞു. വെറുതെ ഇരിക്കുന്നതും ഒരു പ്രവൃത്തിയാണ്. അപ്പോഴും ദേഹത്തിലെ ഓരോ കോശവും പണിതുകൊണ്ടിരിക്കയാണ്, ആന്തരികാവയവങ്ങളെല്ലാം മുറപോലെ പ്രവര്‍ത്തിക്കുന്നു, ശ്വാസം കഴിക്കുന്നു, മനസ്സും ബുദ്ധിയും ഓടിക്കൊണ്ടുമിരിക്കുന്നു.

ഏതെങ്കിലും കര്‍മത്തെ ബോധപൂര്‍വം ഉപേക്ഷിച്ചാലും മറ്റൊന്ന് തല്‍സ്ഥാനത്ത് വരും. വെള്ളത്തിലുണ്ടൊ ഒരു കുഴി കുഴിച്ചുവെക്കാന്‍ പറ്റുന്നു? തന്റെ നിയതകര്‍മമെന്തെന്ന് തിരിച്ചറിഞ്ഞ് അത് സംഗവും ഫലേച്ഛയും കൂടാതെ ചെയ്യുകയാണ് ശരി.




MathrubhumiMatrimonial