
ഗീതാദര്‍ശനം - 627
Posted on: 26 Oct 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
കാര്യമിത്യേവ യത് കര്‍മ
നിയതം ക്രിയതേശര്‍ജുന
സംഗം ത്യക്ത്വാ ഫലം ചൈവ
സ ത്യാഗഃ സാത്വികോ മതഃ
അര്‍ജുനാ, സ്വധര്‍മമായും ഈശ്വരാരാധനാപരമായും ഒരുവന്‍ അവശ്യം നിര്‍വഹിക്കേണ്ട കര്‍മം, ഇത് തന്റെ നിയതകര്‍മമാണ് എന്നു മനസ്സിലാക്കി, സംഗവും കര്‍ത്തൃത്വബോധവും ഉപേക്ഷിച്ച് അനുഷ്ഠിക്കുകയാണെങ്കില്‍ ആ ത്യാഗം സാത്ത്വികമായി കരുതപ്പെടുന്നു.
ഗീത ത്യാഗമായി എണ്ണുന്നത് കര്‍മത്യാഗത്തെയല്ല, കര്‍മഫലത്യാഗത്തെയാണ് എന്നു കണ്ടു. പ്രപഞ്ചവും ദേഹവും ജീവനുമെല്ലാം മനുഷ്യന് ഔന്നത്യത്തിലെത്താന്‍ ഒത്തുകിട്ടിയ ഉപായങ്ങളാണ്. ഒന്നും ഉപേക്ഷിക്കാനുള്ളതല്ല. ശരിയായ ചെയ്തികള്‍ ഉണ്ടാകണം. ആ ചെയ്തികള്‍ വാസനകള്‍ക്ക് 'മേല്‍ഗതി' വരുത്തുന്നവയാകണം. നിയതകര്‍മം ചെയ്യണം. ചെയ്യേണ്ടതാണ് എന്ന നിശ്ചയത്തോടെ വേണം അതു ചെയ്യാന്‍. താനൊരു ഉപകരണം എന്ന ഭാവത്തോടെ വേണം ചെയ്യുന്നത്.
ഒരാള്‍ക്ക് ഈ മനോഭാവത്തോടെ ഒരു ജോലിചെയ്യാന്‍ കഴിയണമെങ്കില്‍ അത് അയാളുടെ മനസ്സിനിണങ്ങിയതായിരിക്കണമെന്ന് തീര്‍ച്ചയല്ലെ? അതുതന്നെയാണ് അയാളുടെ സ്വധര്‍മം. കിളി കൂടു കൂട്ടുന്നത് ഒരു ഉള്‍പ്രേരണയാലാണ്. മയില്‍ ആടുന്നതും കുയില്‍ കൂകുന്നതും ഉള്‍പ്രേരണ ഒന്നിനാല്‍ മാത്രം. കാമനയുടെ പ്രേരണവരുമ്പോഴാണ് കര്‍ത്തൃത്വബോധവും ഫലേച്ഛയും കൂടെ വരുന്നത്. നിശ്ചയബുദ്ധിയോടെ സഹജകര്‍മം നിരുപാധികം ചെയ്യുന്നവര്‍ ശാന്തി നേടുന്നു.
ന ദ്വേഷ്ട്യകുശലം കര്‍മ
കുശലേ നാനുഷജതേ
ത്യാഗീ സത്ത്വസമാവിഷ്ടഃ
മേധാവീ ഛിന്നസംശയഃ
സത്ത്വഗുണം നിറഞ്ഞവനും സത്യം മനസ്സിലാക്കിയവനും (കര്‍മത്തെയും അകര്‍മത്തെയും കുറിച്ച്) സംശയങ്ങളറ്റവനുമായ (കര്‍മഫല) ത്യാഗി ദേഹായാസകരങ്ങളായ കര്‍മങ്ങളെ വെറുക്കുന്നില്ല, അനായാസകര്‍മങ്ങളില്‍ ആസക്തനായിപ്പോകുന്നുമില്ല.
(തുടരും)
