
ഗീതാദര്‍ശനം - 624
Posted on: 22 Oct 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
സംഗമവും ഫലേച്ഛയും കൈയൊഴിയാതിരുന്നാല്‍ ഏതു കര്‍മവും ബന്ധനമാകും. (പഠിപ്പിക്കല്‍ ഫീസിനുവേണ്ടി മാത്രമാകാം, കൃഷി ലാഭത്തിനായി വിഷമയമാകാം. തന്റേതെന്നും തനിക്കുള്ളതെന്നുമുള്ള മനോഭാവം വൈകാരികമായ കെട്ടുപാടുകളിലേക്കു നയിക്കുന്നു.) അല്ലാതെ, കര്‍മം വൈദികമോ ലൗകികമോ നല്ലതോ ചീത്തയോ എന്നതല്ല കാര്യം. (ഒരു സന്ദര്‍ഭത്തില്‍ നിഷിദ്ധമോ ചീത്തയോ ആയ കര്‍മം മറ്റൊരു ചുറ്റുപാടില്‍ വിഹിതവും നല്ലതുമായി മാറാം.)
ഈ അളവുകോല്‍ വെച്ച് നോക്കിയാല്‍ കര്‍മത്യാഗത്തെ പൊതുവില്‍ മൂന്നുവിധമായി തിരിച്ചു കാണാം.
നിയതസ്യ തു സംന്യാസഃ
കര്‍മണോ നോപപദ്യതേ
മോഹാത്തസ്യ പരിത്യാഗഃ
താമസഃ പരികീര്‍ത്തിതഃ
നിയതകര്‍മം (കര്‍ത്തവ്യകര്‍മം) സംന്യസിക്കുന്നത് (ഉപേക്ഷിക്കുന്നത്) ശരിയല്ല. അവിവേകം മൂലം അതിനെ ത്യജിക്കുന്നത് താമസത്യാഗമെന്നറിയപ്പെടുന്നു.
ആഹാരം, ശൗചം എന്നു തുടങ്ങി ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള കര്‍മങ്ങള്‍ നിത്യകര്‍മങ്ങള്‍. കുടുംബത്തിലെയും സമൂഹത്തിലെയും ചുമതലകള്‍ കര്‍ത്തവ്യകര്‍മങ്ങള്‍. ആത്മാവിഷ്‌കാരത്തിനായി അനുഷ്ഠിക്കുന്ന കര്‍മം സ്വധര്‍മകര്‍മം. അപകടങ്ങളൊ പ്രകൃതിക്ഷോഭങ്ങളൊ ഒക്കെ ഉണ്ടാകുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ചെയ്യേണ്ടിവരുന്ന അധികജോലികള്‍ ആനുഷംഗികകര്‍മങ്ങള്‍. ഇവയെല്ലാം നിയതകര്‍മങ്ങളാണ്. ഇതിന്റെയൊന്നും നിര്‍വഹണത്തില്‍ ഉപേക്ഷ വരുത്തരുത്. അറിവില്ലായ്മകൊണ്ടൊ പരിഭവംകൊണ്ടൊ ഭയംകൊണ്ടൊ ആലസ്യം കാരണമൊ പിന്‍വാങ്ങിയാല്‍ ആ കര്‍മത്യാഗം താമസത്യാഗമേ ആവൂ.
(തുടരും)
