githadharsanam

ഗീതാദര്‍ശനം - 621

Posted on: 18 Oct 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


ത്യാജ്യം ദോഷവദിത്യേകേ
കര്‍മ പ്രാഹുര്‍മനീഷിണഃ
യജ്ഞദാനതപഃകര്‍മ
ന ത്യാജ്യമിതി ചാപരേ
കര്‍മം (എല്ലാം) ദോഷദൂഷിതമെന്നതിനാല്‍ ത്യജിക്കപ്പെടേണ്ടതാണെന്ന് ചില മനീഷികള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ (മറ്റു) ചിലര്‍ പറയുന്നു, യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മങ്ങള്‍ ത്യാജ്യമല്ലെന്ന്.

കര്‍മത്യാഗത്തെക്കുറിച്ചുള്ള തെറ്റായ അഭിപ്രായങ്ങള്‍ ഈ ശ്ലോകത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. കര്‍മം മൊത്തമായി ത്യജിക്കണമെന്നാണ് ചില പണ്ഡിതന്‍മാരുടെ പക്ഷം. കര്‍മങ്ങളെല്ലാം വാസനകളെ ഉളവാക്കുന്നതിനാല്‍ അവ ആത്മാനുഭൂതിക്ക് തടസ്സമാണ് എന്ന് അവര്‍ വാദിച്ചു.

പ്രപഞ്ചത്തില്‍ എവിടെയുണ്ടാകുന്ന ഏതു ചെയ്തിക്കും പ്രതികരണം തീര്‍ച്ചയാണ്. അതായത്, എല്ലാ കര്‍മത്തിനും ഫലമുണ്ട്. നാമൊരു ചെറുവിരലനക്കിയാല്‍ വായുവിലത് ചലനപരമ്പര ഉളവാക്കുന്നു. പ്രകൃതിയിലെ മറ്റു സംഭവങ്ങളില്‍നിന്ന് ജീവചലനം അല്പം വ്യത്യസ്തവുമാണ്. കാരണം, ജീവിയുടേതായ നിര്‍ണായകമായ ഇച്ഛ അതിന്റെ പിന്നില്‍ ഉണ്ട്. നമ്മുടെ ഓരോ ഇടപെടലും ഓരോ കരണപ്രതികരണശൃംഖല സൃഷ്ടിക്കുന്നു. ഈ ദോഷം, തീയിനൊപ്പം പുക എന്നപോലെ, നമ്മുടെ എല്ലാ കര്‍മങ്ങളുടെ കാര്യത്തിലുമുണ്ട്. പക്ഷേ, ജീവിച്ചിരിക്കുക എന്നാല്‍ ഇങ്ങനെ ചലിക്കുക എന്നാണല്ലൊ അര്‍ഥം.

ദേഹത്തിന്റെയും മനസ്സിന്റെയും ചലനരൂപമാണ് കര്‍മം. അത് അപ്പാടെ ഉപേക്ഷിക്കാന്‍ ഒരു ജീവിക്കും സാധ്യമല്ലെന്ന് മുമ്പെ വെളിപ്പെടുത്തിയിട്ടുണ്ട്. (''ശരീരയാത്രാപി ച തേ ന പ്രസിധ്യേദകര്‍മണഃ'' - 3, 8.) അതേകാര്യം ഇനിയും പറയാന്‍ പോകുന്നുമുണ്ട്. (''നഹി ദേഹഭൃതാ ശക്യം ത്യക്തും കര്‍മാണ്യശേഷതഃ'' - 18, 11.) ജീവനോടെ ഇരിക്കുന്ന ആര്‍ക്കും കര്‍മങ്ങളെ മൊത്തമായി ത്യജിക്കാന്‍ കഴിയില്ല. കാരണം, പൂര്‍ണമായ കര്‍മത്യാഗം ആത്മഹത്യയാണ്.

(തുടരും)



MathrubhumiMatrimonial