
ഗീതാദര്‍ശനം - 620
Posted on: 18 Oct 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
ശ്രീഭഗവാനുവാച-
കാമ്യാനാം കര്‍മണാം ന്യാസം
സംന്യാസം കവയോ വിദുഃ
സര്‍വകര്‍മഫലത്യാഗം
പ്രാഹുസ്ത്യാഗം
വിചക്ഷണാഃ
ശ്രീഭഗവാന്‍ പറഞ്ഞു-
കാമ്യകര്‍മങ്ങളെ ഉപേക്ഷിക്കലാണ് സംന്യാസമെന്ന് തത്ത്വദര്‍ശികള്‍ പറയുന്നു. എല്ലാ കര്‍മഫലങ്ങളും (മനസ്സാ) ഉപേക്ഷിക്കലാണ് ത്യാഗമെന്ന് ജ്ഞാനികള്‍ പറയുന്നു.
കാമ്യകര്‍മത്തിന്റെ ത്യാഗമാണ് സംന്യാസം. എല്ലാ കര്‍മങ്ങളുടെയും ഫലങ്ങളെ മനസ്സാ ഉപേക്ഷിക്കലാണ് ത്യാഗം. സംഗതി വളരെ സരളമാണ്. എന്തിനായാണ് പ്രാപഞ്ചികമായ സുഖദുഃഖങ്ങളുടെ കുരുക്കുമസാലയില്‍നിന്ന് നിവര്‍ത്തിക്കുന്നത്? ആത്മസ്വരൂപത്തിന്റെ നിഷ്‌കളങ്കതയുമായി താദാത്മ്യപ്പെടാന്‍. അതിനു പക്ഷേ, ഇല്ലാതാകേണ്ടത് ബന്ധങ്ങളല്ല, ബന്ധനങ്ങളാണ്. ചുവരുകള്‍ ജയില്‍ സൃഷ്ടിക്കുന്നില്ല എന്നതല്ലേ നേര്? ഏത് മാറാപ്പ് പുറത്തുണ്ടായാലും അത് അകത്തില്ലാതിരുന്നാല്‍ മതി. മാറാപ്പ് അകത്തുണ്ടെങ്കില്‍ പുറത്ത് ഒരു കച്ചിത്തുരുമ്പുപോലും ഇല്ലെങ്കിലും എല്ലാ ഭാരവുമുണ്ട്.
ഇങ്ങനെ ഇരിക്കെത്തന്നെ, കര്‍മകാണ്ഡവേദാചാരങ്ങളില്‍ കുരുങ്ങി ദിക്കറിയാതായവര്‍ സംന്യാസത്തെയും ത്യാഗത്തെയും തെറ്റായി വ്യാഖ്യാനിക്കുക പതിവാണ്. അക്കൂട്ടരുടെ വാദങ്ങള്‍ ഉന്നയിച്ച് പരിഹരിക്കുകയാണ് അടുത്ത നാല് ശ്ലോകങ്ങളില്‍.
(തുടരും)
