
ഗീതാദര്‍ശനം - 619
Posted on: 15 Oct 2010
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
അര്‍ജുന ഉവാച-
സംന്യാസസ്യ മഹാബാഹോ
തത്ത്വമിച്ഛാമി വേദിതും
ത്യാഗസ്യ ച ഹൃഷീകേശ
പൃഥക് കേശിനിഷൂദന
അര്‍ജുനന്‍ പറഞ്ഞു-
പരാക്രമശാലിയും ഇന്ദ്രിയങ്ങളുടെ നാഥനും കേശി എന്ന അസുരനെ കൊന്നവനുമായ അല്ലയോ കൃഷ്ണാ, സംന്യാസത്തിന്റെയും ത്യാഗത്തിന്റെയും സൂക്ഷ്മരൂപം വേര്‍തിരിച്ച് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പരമസ്വതന്ത്രമായ അവസ്ഥയിലേക്ക് സ്വയം വിക്ഷേപിക്കാന്‍ അന്യഥാ തയ്യാറായിട്ടാണ് അര്‍ജുനന്‍ നില്‍ക്കുന്നത്. ഇനി അറിയാനുള്ളത് ഇത്രയേ ഉള്ളൂ: എന്തെല്ലാം ഉപേക്ഷിക്കണം, ആ ഉപേക്ഷയുടെ പിന്നിലുള്ള ശരിയായ മനോഭാവം എന്തായിരിക്കണം? ചില കര്‍മങ്ങളെ ഉപേക്ഷിക്കേണ്ടതിനെപ്പറ്റി കര്‍മയോഗത്തിലും കര്‍മഫലത്തോടുള്ള സംഗം മാത്രം ത്യജിച്ച് കര്‍മനിരതനാകണം എന്ന് പിന്നീടും പറയുകയുണ്ടായി.
കാവിയുടുത്ത് ലക്ഷണവടിയും ഭിക്ഷാപാത്രവും കൈക്കൊണ്ട് താടിയും മുടിയും നീട്ടി നാടും വീടും വിട്ടെറിഞ്ഞാല്‍ സംന്യാസവും ത്യാഗവുമൊക്കെയാകും എന്നാണല്ലോ എക്കാലത്തുമുള്ള ഒരു തെറ്റായ ധാരണ. കൃഷ്ണനാകട്ടെ മഹാബാഹുവാണ് (പരാക്രമിയാണ്), ഇന്ദ്രിയങ്ങളുടെ ഈശനാണ് (രാജാവാണ്) കേശിനിഷൂദനനാണ് (കൊലയാളിപോലുമാണ്). അതായത്, ഒന്നും വിട്ടെറിഞ്ഞിട്ടില്ല, സംന്യാസചിഹ്നങ്ങള്‍ ഒന്നുമേ ഇല്ല. എന്നിട്ടും പരമാത്മസ്വരൂപം അനുഭവമാക്കിയ ആളാണ്. ഈ ആശ്ചര്യത്തിന്റെ പൊരുളെന്ത് എന്ന് തീരുമാനമാകണം.
(തുടരും)
