githadharsanam

ഗീതാദര്‍ശനം - 618

Posted on: 14 Oct 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


മനുഷ്യന്റെ പ്രാപഞ്ചികമായ നിലനില്പും ഈ 'ഉയര്‍ന്ന' നില്പും തമ്മിലുള്ള ബന്ധമാണ് എല്ലാ മതങ്ങളുടെയും ജ്ഞാനമാര്‍ഗങ്ങളുടെയും വിഷയം. പല പക്ഷങ്ങളും തര്‍ക്കങ്ങളും എന്നെന്നും ഉണ്ടായിരുന്നു, ഇന്നുമുണ്ട്. താഴെയുള്ള ഈ അവസ്ഥയെ ആകെ ഉള്ളൂ എന്നും അല്ല മുകളിലെസ്ഥിതി മാത്രമാണ് സത്യമെന്നും (താഴെയുള്ളത് വെറും മായയാണെന്നും) മുതല്‍, മുകളിലേക്കു പോകുന്നതില്‍നിന്ന് തടഞ്ഞ് ചെകുത്താന്‍ നമ്മെ എന്നുമെപ്പോഴും താഴോട്ടു പിടിച്ചു വലിച്ചുകൊണ്ടിരിക്കുന്നു എന്നു വരെ നിലപാടുതറകള്‍ നീളുന്നു. എങ്ങുമുള്ള ഒന്നും മിഥ്യയല്ലെന്നും ചെകുത്താനല്ല, പ്രകൃതിയുടെതന്നെ ബലമാണ് നമ്മെ താഴോട്ട് പിടിച്ചുവലിക്കുന്നതെന്നും അതിനെ മറികടക്കാനുള്ള ബലം, വൈരുധ്യാത്മകമായ പ്രകൃതിയില്‍നിന്നുതന്നെ കണ്ടെടുക്കാമെന്നുമുള്ള വിപ്ലവകരമായ കണ്ടെത്തലുകളാണ്, ഉപഗ്രഹ വിക്ഷേപണവിദ്യ എന്നപോലെ, ഗീതയും അവതരിപ്പിക്കുന്നത്.

ഈ കണ്ടെത്തല്‍ ഉരുത്തിരിയുന്നത് നാമും പ്രകൃതിയും തമ്മിലുള്ള കരണപ്രതികരണങ്ങള്‍ ഇഴപിരിച്ച് പഠിച്ചാണ്. കര്‍മമാണ് കാര്യത്തിന്റെ മര്‍മം. അതിനാല്‍ കര്‍മത്തിന്റെ ചേരുവകളും രീതിശാസ്ത്രവും ചിന്താവിഷയമാകേണ്ടതുണ്ട്. അതുകഴിഞ്ഞു വേണം വേണ്ടതും വേണ്ടാത്തതും തീരുമാനിക്കാന്‍. കൊള്ളേണ്ടതെന്ത്, തള്ളേണ്ടതെന്ത് എന്നാണ് കണ്ടെത്താനുള്ളത്. അതു കണ്ടുകിട്ടിയാല്‍ പഠിത്തം പൂര്‍ത്തിയായി. അവസ്ഥാന്തരത്തിലേക്കുള്ള യാത്രയില്‍ കൂടെയെടുത്ത് പെരുമാറാവുന്നത് കുറച്ചേ ഉള്ളൂ, ഉപേക്ഷിക്കേണ്ടതാണ് ഏറെയും. ഏതെല്ലാം ഉപേക്ഷിക്കണം, ഏതേതു രീതിയില്‍ എന്നറിഞ്ഞില്ലെങ്കില്‍ കുഴങ്ങും. മോചനവും ഉപേക്ഷയും തമ്മില്‍ സമ്യക്കായി ചേരണം. മോചനോപേക്ഷകളുമായി നാമും സമ്യക്കായി ചേരണം. അഥവാ മോക്ഷസംന്യാസയോഗം വശമാകണം. മുമ്പെ പതിനേഴധ്യായങ്ങളില്‍ പഠിഞ്ഞതിന്റെ കൂടെ ഇതുകൂടിയായാല്‍ നാം തയ്യാറായിക്കഴിഞ്ഞു.





MathrubhumiMatrimonial