navarathri 2010

മഹാഗണപതിയുടെ വേദരഹസ്യം

Posted on: 14 Oct 2010

ആചാര്യ എം.ആര്‍.രാജേഷ്‌



ഹരിശ്രീ കുറിക്കുന്നത് മഹാഗണപതി മന്ത്രം ഉച്ചരിച്ചുകൊണ്ടാണല്ലോ. മന്ത്രങ്ങളുടെ മുഴുവന്‍ അധിപതിയാണ് മഹാഗണപതിയെന്ന് വേദങ്ങളിലുണ്ട്. മഹാഗണപതിയുടെ സഹായത്തോടെ വേണം മഹാസരസ്വതിയെ സാക്ഷാത്കരിക്കാന്‍. മഹാഗണപതി ഋഷിയും മഹാപ്രതിഭയുമാണെന്ന് ഋഗ്വേദത്തില്‍ പറയുന്നുണ്ട്. സര്‍വ വിഘ്‌നങ്ങളേയും ഹരിക്കുന്ന മഹാഗണപതി ജ്ഞാനസമ്പാദനത്തിന്റെ ദേവത കൂടിയാണ്. പ്രകൃതി ഉള്‍പ്പെടെയുള്ള സമസ്ത പദാര്‍ഥങ്ങളുടെയും സകല ജീവജാലങ്ങളുടെയും പതിയായതിനാലാണ് ഗണപതി, ഗണേശന്‍ എന്നീ പേരുകള്‍ ലഭിച്ചത്. ഭാരതത്തിലും പുറത്തും ഗണേശസങ്കല്പം പ്രചുരപ്രചാരം നേടിയിട്ടുണ്ട്. 51 തരത്തിലുള്ള ഗണപതി സങ്കല്പങ്ങളെക്കുറിച്ച് താന്ത്രിക ഗ്രന്ഥങ്ങളില്‍ പറഞ്ഞുകാണുന്നു. 51 അക്ഷരങ്ങളെ കുറിക്കുന്നതാണ് 51 ഗണപതികളെന്നുള്ള സങ്കല്പവും ഉണ്ട്. അതിനാലായിരിക്കാം ഹരിശ്രീ കുറിക്കുന്നത് ഗണപതിമന്ത്രം കൊണ്ടായത്.

ഗണപതി എന്ന വാക്കോടെയെല്ല വേദഗ്രന്ഥങ്ങളുടെ തുടക്കം. ഋഗ്വേദത്തിന്റെ തുടക്കം 'അഗ്‌നി' ശബ്ദത്തോടെയാണ്. ഈ അഗ്‌നിക്കും ഗണപതി സങ്കല്പത്തിനും തമ്മില്‍ ഏറെ ബന്ധമുണ്ട്. ഗണപതിയുടെ പേരുകള്‍ പലതും അഗ്‌നിയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. സിന്ദൂരാഭം, രക്തവസ്ത്രാംഗരാഗന്‍, ധൂനമ്രകേതു തുടങ്ങിയ പേരുകള്‍ തന്നെ ഉദാഹരണം. രക്തവര്‍ണവും സിന്ദൂരവര്‍ണവും അഗ്‌നിയുടെ വര്‍ണം തന്നെയാണ്. അഗ്‌നിയില്‍ എന്തിട്ടാലും അത് ദഹിച്ചുപോകും. അതേ പോലെ ലംബോദരനായ മഹാഗണപതി സര്‍വഭക്ഷകനാണ്. ധൂനമ്രകേതു എന്നാല്‍ പുക കൊടിയടയാളമായി ഉള്ളവന്‍ എന്നാണര്‍ഥം. പുക കൊടിയടയാളമായി ഉള്ളത് അഗ്‌നിയ്ക്കാണ്. ഈ സാദൃശ്യങ്ങളെല്ലാം കാണിക്കുന്നത് അഗ്‌നിക്കും ഗണപതിക്കും തമ്മിലുള്ള ബന്ധത്തെയാണ്. അഗ്‌നി എന്നാല്‍ തീയ്യെന്നു മാത്രമല്ല വൈദികസംസ്‌കൃതത്തില്‍ അര്‍ഥം. 'അഗ്‌നി' എന്നാല്‍ മുന്നോട്ടു നയിക്കുന്നവന്‍ എന്നുകൂടി അര്‍ഥമുണ്ട്. വിശേഷപ്പെട്ട നായകനായതിനാല്‍ 'വിനായകന്‍' എന്ന പര്യായത്തിന് അഗ്‌നി ശബ്ദം എന്തുകൊണ്ടും യോജിച്ചതാണ്. മൈത്രായണി സംഹിതയില്‍ വിശ്വത്തെ ഭക്ഷിക്കുന്നവനാണ് അഗ്‌നി എന്ന് പറഞ്ഞിട്ടുണ്ട്. ശതപഥ, തൈത്തീരിയ ബ്രാഹ്മണങ്ങളില്‍ അഗ്‌നിയെ ഈ തരത്തില്‍ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ 'ഋഗ്വേദ'ത്തിലെ അഗ്‌നി തന്നെയാണ് ലംബോദരനും വിനായകനുമൊക്കെ ആയതെന്ന് കരുതാം.

എലിയാണ് ഗണപതിയുടെ വാഹനം. സൃഷ്ടിയുടെ തുടക്കത്തില്‍ അഗ്‌നിയാല്‍ ചുട്ടുപൊള്ളുകയായിരുന്ന ഭൂമി വര്‍ഷം കൊണ്ടു തണുക്കാന്‍ ആരംഭിച്ചു. അപ്പോള്‍ എലി ഭൂമിക്കുള്ളില്‍ ഒളിക്കുന്നതുപോലെ അഗ്‌നി ഭൂമിക്കുള്ളില്‍ ഒളിച്ചു എന്ന് വൈദിക സാഹിത്യത്തില്‍ ആലങ്കാരികമായി വര്‍ണിക്കുന്നുണ്ട്. തൈത്തീരിയ ബ്രാഹ്മണത്തില്‍ ആ പ്രസ്താവം ഇങ്ങനെയാണ്. ''ദേവന്‍മാരുടെ അടുത്തു നിന്ന് അഗ്‌നി'' അപ്രത്യക്ഷമായി. എലിയുടെ രൂപം ധരിച്ച് ഭൂമിക്കടിയില്‍ ഒളിച്ചു. യജുര്‍വേദത്തിലും ഇത്തരത്തിലുള്ള പ്രസ്താവമുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ അഗ്‌നിയെന്ന് വേദങ്ങളില്‍ വിശേഷിപ്പിക്കുന്നത് തന്നെയാണ് മഹാഗണപതിയെന്ന് കരുതാം. അഗ്‌നി അക്ഷരം കൂടിയാണ്. വാക്ക് അഗ്‌നിയാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്.



MathrubhumiMatrimonial