
ഗീതാദര്‍ശനം - 616
Posted on: 11 Oct 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയവിഭാഗയോഗം
പണ്ടുള്ളവര്‍ പറഞ്ഞു വെച്ചതല്ലേ എന്നു വിചാരിച്ച് ശ്രദ്ധയില്ലാതെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയാല്‍ പരലോകസുഖം ഉറപ്പായി എന്നു കരുതുന്നവരുണ്ടാകാം. അതു വെറുതെ. പരലോകമെന്നതിന് മരണാനന്തരലോകം എന്ന അര്‍ഥമെടുത്താലും, പുരോഗതി കിട്ടില്ല. വാസനാഭേദമുണ്ടാകാന്‍ ശ്രദ്ധ തികയാതെ ഒക്കില്ല.
നമ്മില്‍ കിളിര്‍ക്കുന്ന രജസ്തമോഗുണവൃദ്ധികളെ അപ്പപ്പോള്‍ ഉച്ചാടനം ചെയ്യാനുള്ള ഉപാധിയാണ് ശ്രദ്ധ. ഇതൊരു ആട്ടിപ്പുറത്താക്കലല്ല, കൈയൊഴിയലാണ്.
ചെയ്യണമെന്ന് ആഗ്രഹം തോന്നിപ്പോകുന്ന അസദ്കര്‍മങ്ങളെ ഉടനുടന്‍ ഉപേക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതിന് വേറൊരു പേരുള്ളതാണ് സന്ന്യാസം. വിഹിതകര്‍മങ്ങളുടെ ഫലത്തെ ത്യജിക്കുന്നത് ത്യാഗമെന്നു പറയപ്പെടുന്നു. അത് മോക്ഷം അഥവാ മോചനത്തിലേക്കുള്ള വഴിയാണ്. ഈ രണ്ടിനെയും കുറിച്ചുള്ള തെറ്റും ശരിയുമായ ധാരണകള്‍ ഇഴ പിരിക്കലാണ് അവസാനത്തെ പടി. വിഹിതകര്‍മങ്ങള്‍ ഏതെന്നു കൃത്യമായി സ്വയം മനസ്സിലാക്കുകയും ഏതു ഫലങ്ങളെ എങ്ങനെയാണ് ത്യജിക്കേണ്ടത് എന്ന് സ്വയം വേര്‍തിരിച്ചറിയുകയും ചെയ്യുമ്പോള്‍ ഭൗതികവും ആധ്യാത്മികവുമായ ജീവിതരീതികള്‍ പൂര്‍ണമായി കൂട്ടിയിണക്കിക്കഴിഞ്ഞു, മനുഷ്യനായി ജീവിക്കാനുള്ള പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയായി.
ഇതി ശ്രദ്ധാത്രയവിഭാഗയോഗോ
നാമ സപ്താദശോശദ്ധ്യായഃ
ശ്രദ്ധാത്രയവിഭാഗയോഗമെന്ന
പതിനേഴാമധ്യായം സമാപിച്ചു
(തുടരും)
