navarathri 2010

വേദങ്ങളിലെ സരസ്വതീ ഉപാസന

Posted on: 10 Oct 2010

എം.ആര്‍. രാജേഷ്‌



പ്രാചീനകാലം തൊട്ടേ ഭാരതത്തില്‍ സരസ്വതീ പ്രവാഹത്തെ ജ്ഞാനധാരയായി കണക്കാക്കിപ്പോരുന്നു. അറിവിന്റെ ദേവതയായ സരസ്വതിയെ പ്രസാദിപ്പിക്കാനുള്ള പ്രയത്‌നം അന്നുതൊട്ട് ഇന്നുവരെ അഭംഗുരം തുടരുന്നു. സരസ്വതിയെ സ്തുതിച്ചുകൊണ്ട് എണ്ണമറ്റ സ്‌തോത്രങ്ങളും ശ്ലോകങ്ങളും ഇവിടെ ഉണ്ടായത് അതുകൊണ്ടുതന്നെയാണ്. എന്നാല്‍ വേദങ്ങളില്‍ അതീവരഹസ്യമായ നിരവധി മന്ത്രങ്ങള്‍ സരസ്വതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. സരസ്വതിയെ സാക്ഷാത്കരിക്കാന്‍ ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ എന്തെല്ലാമാണെന്നറിയാന്‍ വേദം പഠിക്കണം. അവിടെ പവിത്രതയിലൂടെയാണ് സരസ്വതിയെ ആദ്യം ഉപാസിക്കേണ്ടതെന്ന് പറയുന്നുണ്ട്. മനസ്സിന്റെയും ബുദ്ധിയുടെയും ആഹാരത്തിന്റെയും പവിത്രത സരസ്വതിയെ നമ്മിലേക്ക് ആവാഹിക്കാന്‍ കെലേ്പകും. ഋഗ്വേദത്തിലെ ഒരു പ്രധാനപ്പെട്ട മന്ത്രമിങ്ങനെയാണ്:

''പാവകാ നഃ സരസ്വതീ വാജേഭിര്‍ വാജിനീവതീ
യജ്ഞം വഷ്ടു ധിയാവസുഃ'' (ഋഗ്വേദം 1.3.10)

മനുഷ്യരില്‍ നിര്‍ലീനമായിരിക്കുന്ന അതീവ ഗൂഢമായ ദിവ്യഗുണങ്ങളെ വികസിപ്പിച്ചെടുക്കുന്നതിനുള്ള മന്ത്രങ്ങളില്‍ ഒന്നാണിത്. ഈദൃശമായ ദിവ്യഗുണങ്ങളെ വികസിപ്പിച്ചെടുക്കുന്നതിന് ജ്ഞാനാധിദേവതയായ സരസ്വതിയെ ഉപാസിക്കേണ്ടതുണ്ട്. അതിനാല്‍ ഈ മന്ത്രത്തില്‍ ജ്ഞാനത്തിന്റെ അധിദേവതയായ സരസ്വതിയോട് സാധകന്‍ അഭ്യര്‍ഥിക്കുകയാണ് ചില അനുഗ്രഹങ്ങള്‍ക്കുവേണ്ടി. ''ഞങ്ങള്‍ക്ക് പവിത്രത നല്‍കിയാലും. സരസ്വതിയെ ആരാധിച്ചുകൊണ്ട്, നിത്യവും സരസ്വതിയെ സ്വാധ്യായം ചെയ്തുകൊണ്ട് (നിരന്തരപഠനം കൊണ്ട്) ഞങ്ങളുടെ ജീവിതം പവിത്രമാകട്ടെ. അറിവാണ് അനുപമമായ പവിത്രത നേടാനുള്ള ഒരേയൊരു ഉപായമെന്ന് ശാസ്‌ത്രോക്തിയും ഉണ്ട്. എല്ലാ മാലിന്യങ്ങളും അജ്ഞാനത്തില്‍ നിന്നു ജനിക്കുന്നതാണ്. അതിനാല്‍ത്തന്നെ സമസ്തദുരിതങ്ങള്‍ക്കു കാരണവും അജ്ഞാനംതന്നെ. സുഖമുണ്ടാകണമെങ്കില്‍ ജ്ഞാനം ഉണ്ടാകണം. ജ്ഞാനം നമുക്ക് സ്വര്‍ഗത്തെ പ്രദാനം ചെയ്യും.''

യഥാര്‍ഥമായ ജ്ഞാനം സമ്പാദിക്കുമ്പോള്‍ ഈ ലോകത്തില്‍ മാത്രമല്ല, പരലോകത്തിലും സമാധാനമുണ്ടാകും. മോക്ഷപ്രാപ്തിക്ക് സരസ്വതീദേവിയുടെ കടാക്ഷം കൂടിയേ കഴിയൂ. സരസ്വതി അന്നങ്ങളുടെ അന്നത്തെ നല്‍കുന്നവളായിരിക്കും. അതായത് പ്രശസ്തമായ ഭക്ഷ്യവസ്തുക്കളെ നമുക്കായി പ്രദാനം ചെയ്യുന്നവളായിരിക്കും സരസ്വതി. അതിനാല്‍ ലൗകികദൃഷ്ടിയില്‍ സരസ്വതി സര്‍വ അഭ്യുദയങ്ങളും സാധിപ്പിച്ചു തരുന്നവളുമായിരിക്കും. ഈ സരസ്വതിയെ ആരാധിക്കുന്നതിലൂടെ മനുഷ്യര്‍ സാത്വികമായ അന്നത്തെ നേടുവാന്‍ കെല്പുള്ളവനാകുന്നു. ആ അന്നം നമ്മെ ശക്തിശാലികളാക്കി മാറ്റുന്നു.

ത്യാഗം ചെയ്യാനുള്ള ഭാവം യഥാര്‍ഥ സരസ്വതീ കടാക്ഷത്തിലൂടെയേ നേടാനാവൂ. അതേപോലെ ഈ സരസ്വതീ ഉപാസനയിലൂടെ കര്‍മവസുക്കളായി നാം മാറും. അറിവാര്‍ന്ന കര്‍മങ്ങള്‍ ചെയ്ത് ധനം സമ്പാദിക്കുന്നവരായി മാറും.



MathrubhumiMatrimonial