goodnews head

മുങ്ങിമരണമില്ലാത്ത നാടിനായി ഹരീഷ്ചന്ദ്രന്റെ നീന്തല്‍ക്ലാസ്‌

Posted on: 20 Jun 2008


പട്ടാമ്പി: മഴയുടെ ദുരിതത്തിനൊപ്പം മുങ്ങിമരണ വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറയുമ്പോള്‍ കൊപ്പം വലിയപറമ്പത്ത് ഹരീഷ്ചന്ദ്രനെന്ന റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സ്വപ്നംകാണുന്നത് എല്ലാവര്‍ക്കും നീന്തലറിയാവുന്നൊരു നാടാണ്. ഇതിനായി വീട്ടില്‍ത്തന്നെ കുളം നിര്‍മിച്ച് നീന്തല്‍ പഠിക്കാനെത്തുന്നവരെ കാത്തിരിക്കയാണ് ഹരീഷ്ചന്ദ്രന്‍.

താത്പര്യമുള്ളവരെ പ്രായവ്യത്യാസമില്ലാതെ മണിക്കൂറുകള്‍ക്കുള്ളില്‍ നീന്തല്‍പഠിപ്പിക്കാമെന്ന് ഹരീഷ്ചന്ദ്രന്‍ പറഞ്ഞപ്പോള്‍ ആദ്യം ആരും അതത്ര കാര്യമാക്കിയില്ല. മൂന്നുമണിക്കൂര്‍കൊണ്ട് നീന്തല്‍ പഠിപ്പിക്കാമെന്ന് പത്രത്തില്‍ പരസ്യംകൊടുത്തപ്പോള്‍ പലരും സംശയത്തോടെ വിളിച്ചുചോദിക്കുകയും ചെയ്തു. തട്ടിപ്പുപരസ്യങ്ങളുടെ കാലത്ത് മറ്റൊരു തട്ടിപ്പാകുമോ എന്ന ആശങ്കയോടെ വന്നവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നീന്തല്‍പഠിച്ച് സന്തോഷത്തോടെയാണ് മടങ്ങിയത്.

എയര്‍ഫോഴ്‌സില്‍ എട്ടുവര്‍ഷം വാട്ടര്‍പോളോ ടീമിലും നീന്തല്‍ ടീമിലും അംഗമായിരുന്നു ഹരീഷ്ചന്ദ്രന്‍. എയര്‍ഫോഴ്‌സ് മീറ്റില്‍ 200 മീറ്റര്‍ ബട്ടര്‍ഫൈ്‌ളസില്‍ 5 വര്‍ഷം തുടര്‍ച്ചയായി എയര്‍ഫോഴ്‌സ് ചാമ്പ്യനുമായി. വായുസേനയില്‍നിന്ന് സ്വയംവിരമിച്ച് നാട്ടിലെത്തിയ ഉടന്‍ ഹരീഷ്ചന്ദ്രന്‍ വീട്ടില്‍ ഒരു കുളം നിര്‍മിച്ചു.

മക്കളായ നന്ദ്യ, ഹാര്‍ഡിയന്‍, സ്റ്റബിള്‍, ടര്‍ബു എന്നിവരെ നീന്തല്‍ പഠിപ്പിച്ച് സംസ്ഥാനതല മത്സരങ്ങള്‍ക്ക് പ്രാപ്തരാക്കിക്കൊണ്ടായിരുന്നു തുടക്കം. വീട്ടിലെ നീന്തല്‍ ക്കുളത്തില്‍ അച്ഛന്റെ പരിശീലനത്തില്‍ നീന്തിക്കയറിയ ഇളയമകന്‍ ടര്‍ബു ദക്ഷിണേഷ്യന്‍ അക്വാറ്റിക്‌സില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത് ജേതാവായി.

പി.സി. രാഗേഷ്

 

 




MathrubhumiMatrimonial