
നവരാത്രി വ്രതത്തിന്റെ അനന്തഭാവങ്ങള്‍
Posted on: 09 Oct 2010
എം.ആര്‍. രാജേഷ്
നവരാത്രി ചിന്തകള്‍
ഭാരതത്തിലെ ആധ്യാത്മിക-ഭൗതികപശ്ചാത്തലങ്ങളെ വികസിപ്പിക്കുന്നതിനുള്ള ശക്തമായ 'വ്രത'ങ്ങളിലൊന്നായാണ് നവരാത്രിവ്രതത്തെ കണക്കാക്കുന്നത്. എന്താണ് നവരാത്രി വ്രതത്തിലൂടെ നാം കൈവരിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം.
ഒന്നാമതായി നവരാത്രി വ്രതത്തിലെ 'വ്രതം' എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് നോക്കാം. ഒന്‍പതു രാത്രികളുടെ ഒടുവില്‍ വിജയദശമിയും കടന്നുവരുന്നു. 'വ്രതം' എന്നാല്‍ വിശേഷപ്പെട്ട ഋതമെന്ന് നിഷ്പത്തി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടും. വിശേഷമായ ഒരു താളബോധമാണ് ഋതമെന്നു(ഞസള്‍റസൗ) വേണമെങ്കില്‍ പറയാം. എന്നാല്‍ അതൊരു ഉപരിപ്ലവമായ അര്‍ഥം മാത്രമാണ്. ഋതം പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന ഈശ്വരീയനിയമത്തെ ചൂണ്ടിക്കാട്ടുന്ന പദമാണ്.
അതിനാല്‍ ഋഗ്വേദത്തിലൊരിടത്ത് ''ഈശ്വരന്റെ ഋതം, സത്യം എന്നിവകൊണ്ടും ജ്ഞാനമയ സാമര്‍ഥ്യംകൊണ്ടും ഈ ലോകം പ്രകടമായെന്ന് '' (ഋഗ്വേദം. 10.190.1) പറയുന്നുണ്ട്. അങ്ങനെ വിശേഷപ്പെട്ട സത്യചിന്തയില്‍ നാം നില്‍ക്കുന്നതിനെ നമുക്ക് വ്രതം എന്ന് വിളിക്കാം. നവരാത്രി ഇത്തരത്തില്‍ സത്യത്തെ തിരിച്ചറിയാനുള്ള വിശേഷമായ ഒരു പദ്ധതിയാണ്.
'രാത്രി' എന്ന പദം വൈദികസാഹിത്യത്തില്‍ അജ്ഞാനത്തെ സൂചിപ്പിക്കുന്നതാണ്. നവരാത്രി കഴിഞ്ഞ് 10-ാം ദിവസം വിജയദശമിയില്‍ വിദ്യാരംഭം കുറിക്കുന്നതു തന്നെ അന്ധകാരത്തിന്റെ പരിസമാപ്തി കുറിക്കുന്നതുകൊണ്ടാണ്. അഥര്‍വവേദത്തില്‍ അതീവ ഹൃദ്യമായി രാത്രിയുടെ ഒരു വര്‍ണനയുണ്ട്. അവിടെ ഒന്‍പതു രാത്രിയല്ല, മറിച്ച് 12 രാത്രികളുണ്ട്. ആ അഥര്‍വവേദ മന്ത്രം ഇങ്ങനെയാണ്:
''ദ്വാദശ വാ ഏതാ രാത്രീര്വ്രത്യാ ആഹുഃ പ്രജാപതേഃ
തത്രോപ ബ്രഹ്മ യോ വേദ തദ്വാ അനഡുഹോ വ്രതമ്.''
(അഥര്‍വം 4-11-11)
12 രാത്രികളെ മറികടന്ന് വ്രതമനുഷ്ഠിച്ച് ബ്രഹ്മജ്ഞാനം കൈവരിക്കുന്നതിനെക്കുറിച്ചാണ് ഈ മന്ത്രത്തില്‍ പറയുന്നത്. 12 രാത്രികള്‍ വ്രതമനുഷ്ഠിക്കാന്‍ യോഗ്യമായതാണ്. ബ്രഹ്മപ്രാപ്തിക്കായി നടത്തേണ്ട ജ്ഞാനവ്രതമാണിവിടെ പ്രതിപാദ്യം. 12 രാത്രികളിലെ വ്രതങ്ങള്‍ക്കൊടുവില്‍ ബ്രഹ്മജ്ഞാനം നേടുന്നവന്‍ വിശ്വചാലകനാകും. ഇവിടെ രാത്രി എന്നതിന് അജ്ഞാനം എന്ന അര്‍ഥമെടുക്കണം. അജ്ഞാനത്തെ നീക്കുവാന്‍ നടത്തുന്ന പ്രയത്‌നമാണ് വ്രതം.
വാസ്തവത്തില്‍ പ്രാചീനകാലത്ത് നവരാത്രി ഉത്സവത്തില്‍ വ്രതദീക്ഷയെടുത്ത് സരസ്വതിയെ ഉപാസിച്ച് ജ്ഞാനസൂര്യനെ നേടുന്നത് വിജയദശമി നാളിലായിരിക്കും. അഥര്‍വത്തില്‍ 12 തരത്തിലുള്ള അന്ധകാരത്തെ നാം തരണം ചെയ്യേണ്ടതുണ്ട്. ഈ 12 അജ്ഞാനങ്ങളും ഇല്ലാതാകുമ്പോള്‍ നാം വിശുദ്ധാത്മാക്കളായി മാറുന്നു. അറിവിന്റെ പ്രതീകമായ സരസ്വതിയായി നാം മാറുന്നു. 12 തത്ത്വങ്ങള്‍ ഏതൊക്കെയാണെന്നും അഥര്‍വത്തില്‍ പറയുന്നുണ്ട്. 1. പരമാത്മാവ്, 2. ജീവാത്മാവ്, 3. ബുദ്ധി, 4. അഹങ്കാരം, 5. മനസ്സ്, 6. പ്രാണന്‍, 7. ജ്ഞാനേന്ദ്രിയം, 8. ജ്ഞാനേന്ദ്രിയ വിഷയങ്ങള്‍, 9. കര്‍മേന്ദ്രിയം, 10. കര്‍മേന്ദ്രിയ വിഷയങ്ങള്‍, 11. ശരീരം, 12. വിശാലമായ ഈ ജഗത്ത്.
ഇതില്‍ ജ്ഞാനേന്ദ്രിയവും അതിന്റെ വിഷയങ്ങളും, കര്‍മേന്ദ്രിയവും അതിന്റെ വിഷയങ്ങളും ഓരോ തത്ത്വങ്ങളായും ജഗത്തും ശരീരവും ഒരേ തത്ത്വമായും എടുത്താല്‍ ആകെ ഒന്‍പതു തത്ത്വങ്ങളേ ഉണ്ടാവൂ. ഈ ഒന്‍പതു തത്ത്വങ്ങളെക്കുറിച്ചുള്ള അജ്ഞാനം, മിഥ്യാജ്ഞാനം, വിപരീത ജ്ഞാനം എന്നിവ ഇല്ലാതാകണം. തല്‍സ്ഥാനത്ത് ജ്ഞാനം, വിജ്ഞാനം, സംജ്ഞാനം, പ്രജ്ഞാനം എന്നിങ്ങനെ നാല് തരത്തിലുള്ള അറിവുണ്ടാവുകയും വേണം. ഇതാണ് അറിവിന്റെ പ്രചോദനമായ നവരാത്രി വ്രതത്തിന്റെ ലക്ഷ്യം.
