githadharsanam

ഗീതാദര്‍ശനം - 609

Posted on: 03 Oct 2010

സി. രാധാകൃഷ്ണന്‍



ശ്രദ്ധാത്രയവിഭാഗയോഗം


പരമനികൃഷ്ടമായ ദാനം ഏതെന്നുകൂടി പറയുന്നു.
അദേശകാലേ യദ്ദാനം
അപാത്രേഭ്യശ്ച ദീയതേ
അസത്കൃതമവജ്ഞാതം
തത് താമസമുദാഹൃതം
പിഴച്ച സ്ഥലകാലങ്ങളില്‍ ഏതൊരു ദാനം (അതിന്) അനര്‍ഹരായവര്‍ക്ക്, അപമാനിച്ചും നിന്ദിച്ചും നല്‍കപ്പെടുന്നുവോ അത് താമസദാനത്തിനുദാഹരണം.
സഹധര്‍മിണിക്ക് അഷ്ടിക്കു വകയില്ലാതിരിക്കെ ആകെ ശേഷിച്ച ആഴക്ക് ചോറ് ആര്‍ക്കെങ്കിലും ദാനം ചെയ്ത് തന്റെ ദാനശീലപ്പെരുമ സ്ഥാപിക്കുന്നവന്‍ ത്യാഗിയോ ദ്രോഹിയോ? ഗ്രാമത്തിലെ പട്ടിണിക്കാരെ മറന്ന് പട്ടണത്തിലെ പണക്കാര്‍ക്ക് സദ്യയൊരുക്കി പടമെടുത്ത് പത്രത്തില്‍ അച്ചടിപ്പിക്കുന്നവരുടെ ദാനം അദേശദാനം. കെട്ടുനാറിപ്പോയ ഭക്ഷണം വഴിയെ പോകുന്നവന്, ശകാരത്തിന്റെ അകമ്പടിയോടെ, നല്‍കുന്നത് അനാദരദാനം. മാറാരോഗമുള്ള പശുവിനെ ദാനം ചെയ്യുന്നത് ദാനപാത്രത്തെ പുച്ഛിക്കുന്നതിനു തുല്യം. (ഇത്തരമൊരു ദാനത്തിന്റെ കഥയോടെയാണ് കഠോപനിഷത്ത് തുടങ്ങുന്നത്. തന്റെഅച്ഛന്‍ കറവ വറ്റി എല്ലും തോലുമായ പശുക്കളെ ദാനം ചെയ്യുന്നതു കണ്ട നചികേതസ്സ് തമോമയമായ ആ ദാനത്തെ തിരുത്താന്‍ ശ്രമിക്കുന്നു.)
സത്പദത്തിന് നിലനില്‍ക്കുന്നത് എന്നര്‍ഥം. അസത്കൃതമെന്ന് ഈ പദ്യത്തില്‍ പറഞ്ഞു. 'നിലനില്പില്ലാതാക്കിത്തീര്‍ത്ത'തെന്നര്‍ഥം. അഹന്തയും പുച്ഛവും മദവും നിറഞ്ഞ മനസ്സോ ആ മനോഭാവം ഉളവാക്കുന്ന കര്‍മമോ ഒക്കെ പരമാത്മബോധത്തെ ഇല്ലാതാക്കുന്നതാണ്. നിലനില്പുള്ളത് പരംപൊരുളിനു മാത്രം. ആ ഓര്‍മ സദാ നിലനിര്‍ത്താന്‍ ഏതാനും 'മുദ്രാവാക്യ'ങ്ങള്‍ ഇനി നല്‍കുന്നു. പരമാത്മപര്യായമാണ് തത്. ഓം, സത് എന്ന മറ്റു രണ്ട് പേരുകള്‍കൊണ്ടും ഉദ്ദേശിക്കുന്നത് ബ്രഹ്മത്തെയാണ്. ഈ ശബ്ദങ്ങളുടെ ഉല്പത്തിയും പ്രസക്തിയും വിശദമാക്കുന്നു.
(തുടരും)



MathrubhumiMatrimonial