
ഗീതാദര്‍ശനം - 606
Posted on: 28 Sep 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയ വിഭാഗയോഗം
നാം ഈ അപകടത്തിലേക്കുള്ള വഴിയിലാണോ എന്നറിയാന്‍ ഒരു ചെറിയ പരിശോധന നടത്തിയാല്‍ മതി. ഒരു ദിവസത്തില്‍ എത്ര നേരം നാം നമ്മെപ്പറ്റി ചിന്തിക്കുന്നു എന്നു നോക്കുക. അല്ലെങ്കില്‍, നാം ഒരുദിവസം ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ക്കു പിന്നിലെ ഉദ്ദേശ്യങ്ങളെന്തായിരുന്നു എന്ന് തിരിഞ്ഞൊന്നു നോക്കുക. എന്നെ എല്ലാവരും ആദരിക്കണം, എല്ലാ ഉപഹാരങ്ങളും സ്വീകരണങ്ങളും എനിക്കു കിട്ടണം, എന്നെ സര്‍വരും പ്രശംസിക്കണം എന്ന നിലപാടും 'ഞാന്‍ കാണിച്ചു തരാം!' എന്ന പുറപ്പാടും നമുക്കുണ്ടായിരുന്നുവോ? ഇതോടൊപ്പം ഇതിന്റെ കൂടെപ്പിറപ്പുകൂടി ഉണ്ടായിരുന്നുവോ? - ഞാന്‍ ആരെയും ആദരിക്കില്ല, ആരെപ്പറ്റിയും നല്ലതു പറയാന്‍ ഞാന്‍ ഒരുക്കമില്ല എന്ന കടുംപിടിത്തം?
ഇത്തരക്കാരായ രണ്ടുപേര്‍ക്ക് ഒന്നിലും സഹകരിക്കാനെന്നല്ല, ഒരിടത്തും കലഹമില്ലാതെ സഹവസിക്കാന്‍പോലും സാധ്യമല്ലെന്ന് തീര്‍ച്ചയല്ലേ? മദമാത്സര്യങ്ങളാണ് അടുത്ത പടി. പിന്നെ മതി കെട്ടു നടക്കുകയല്ലാതെ എന്തു ഗതി? ഇതിനിടയില്‍ എവിടെയാണ് ധ്യാനത്തിനോ ആത്മസ്വരൂപജ്ഞാനത്തിനോ സാംഗത്യം?
അത്രയുമല്ല, അഹന്തയാലും സല്‍ക്കാരമാനപൂജാര്‍ഥമായുമാണ് ഈ തപസ്സുകളില്‍ ഏതെങ്കിലുമൊന്ന് അനുഷ്ഠിക്കുന്നതെങ്കില്‍ അത് നിലനിര്‍ത്താന്‍ കഴിയുകയുമില്ല. ഉദാഹരണത്തിന് ഒരാള്‍ അനുദ്വേഗകരം വാക്യം ഇങ്ങനെ ആചരിക്കുന്നെന്നിരിക്കട്ടെ. വിചാരിച്ച ഫലം കിട്ടാതെ വരുമ്പോള്‍ വാക്യം ഉദ്വേഗകരമായിപ്പോവും! ഫലം കിട്ടിയാലും ആ മേനിയും സല്‍ക്കാരവും മാനവും പൂജയുമൊക്കെ അപ്പോഴത്തേയ്‌ക്കേ ഉള്ളൂ. ഫലം ശാശ്വതമല്ല. തപസ്സിനു പിന്നിലെ ഭാവം ഒന്നുകൂടി മോശമായാല്‍ മഹാവിപത്തുമായി.
മൂഢഗ്രാഹേണാത്മനോ യത്
പീഡയാ ക്രിയതേ തപഃ
പരസ്യോത്സാദനാര്‍ത്ഥം വാ
തത് താമസമുദാഹൃതം
അവിവേകം മൂത്ത് ദേഹത്തെയും മനസ്സിനെയും പീഡിപ്പിച്ചുകൊണ്ട്, സ്വാര്‍ഥത്തിനായും അന്യന്റെ നാശം ലാക്കാക്കിയും ഏതു തപസ്സാണോ ആചരിക്കപ്പെടുന്നത് അത് താമസതപസ്സിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു.
(തുടരും)
