
ഗീതാദര്‍ശനം - 605
Posted on: 27 Sep 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയവിഭാഗയോഗം
യോഗയുക്തി, അഥവാ ഫലത്തില്‍ ആശങ്കയില്ലാത്ത ഉറച്ച ഈശ്വരബുദ്ധി ഉണ്ടെങ്കില്‍ പരമാത്മസംബന്ധിയും ഏകാഗ്രവുമായ ശ്രദ്ധയോടെ ഈ മൂന്നു വിധം തപസ്സും സാത്ത്വികമായി എളുപ്പം ചെയ്യാന്‍ സാധിക്കും. മറിച്ചും പറയാം. ഈ മൂന്നു വിധം തപസ്സും സാത്ത്വികമായി ആചരിക്കുന്നവര്‍ക്ക് പരമാത്മസ്വരൂപത്തില്‍ ബുദ്ധി എളുപ്പം ഉറച്ചുകിട്ടും.
ദേഹവും വാക്കും മനസ്സും നേരെയായിക്കിട്ടിയാല്‍ ജീവിതം ചൊവ്വായി. കാരണം, ഈ മൂന്നുകൊണ്ടുമല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. 'മനസാ വാചാ കര്‍മണാ' അല്ലാതെ പുരോഗതിയും അധോഗതിയും വരില്ല.
ആഭിമുഖ്യമാണ് പ്രധാനം. ഊഞ്ഞാലില്‍ കുതിച്ചാടുന്നവരെ നോക്കൂ. കുറച്ചൊന്ന് ആടിക്കിട്ടിയാല്‍ ഒന്നു കുതിക്കാം. ആ കുതിപ്പില്‍ കുറച്ചുകൂടി ആടും. ഓരോ കുതിപ്പിലും പിന്നെ കൂടുതല്‍ക്കൂടുതല്‍ ഉയരങ്ങളിലെത്തുകയായി. ഒരു കാര്യമേ ഓര്‍ക്കാനുള്ളൂ: വീണ്ടും വീണ്ടും വായിക്കാനും ഉണ്ടായിക്കിട്ടിയ അറിവിനെക്കുറിച്ച് മനനം ചെയ്യാനും ശ്രദ്ധിച്ചാല്‍ മതി. ശരിയായ 'ശ്രദ്ധ' എപ്പോഴും വേണം. കാരണം, ഭാവന അല്പമൊന്നു മാറിയാല്‍ ഈ മൂന്നു തപസ്സും രാജസമാകും.
സത്കാരമാനപൂജാര്‍ത്ഥം
തപോ ദംഭേന ചൈവ യത്
ക്രിയതേ തദിഹ പ്രോക്തം
രാജസം ചലമധ്രുവം
യാതൊരു തപസ്സ് മറ്റുള്ളവരില്‍നിന്ന് സല്‍ക്കാരവും പ്രശംസയും പൂജയും കിട്ടാനുള്ള ആര്‍ത്തിയോടെയും അഹന്തയോടെയും (ഞാന്‍ അസാമാന്യനാണെന്നു കാണിക്കാനുള്ള വെമ്പലോടെയും) ആചരിക്കപ്പെടുന്നുവൊ, ഈ ലോകത്ത് സ്ഥിരതയില്ലാത്തതും ശാശ്വതഫലം നേടിത്തരാത്തതുമായ അത് രാജസമെന്നു പറയപ്പെട്ടിരിക്കുന്നു.
രജോഗുണം വികസ്വരമായാല്‍, പ്രാപഞ്ചികമായ 'ഞാന്‍' എന്നിലെ അവ്യയമൂല്യമായ പുരുഷോത്തമനെ, പൂര്‍ണഗ്രഹണസമയത്ത് സൂര്യനെ എന്നപോലെ, തീര്‍ത്തും മറയ്ക്കുന്നു. ദേഹബുദ്ധി മുറുകുമ്പോള്‍ പ്രപഞ്ചസത്തയോടുള്ള പൊക്കിള്‍ക്കൊടിബന്ധം മറന്നേ പോകുന്നു.
