
ഗീതാദര്‍ശനം - 603
Posted on: 24 Sep 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയവിഭാഗയോഗം
പുറംലോകത്തോടു സംവദിക്കാന്‍ ഉപയോഗിക്കാനെന്നതിലേറെ വാക്ക് തന്നോടുതന്നെ പറയാനുള്ളതുമാണ്. ഏതു പാഠവും ഉരുക്കഴിച്ചു പഠിക്കുമ്പോള്‍ ഈ പറച്ചിലാണ് നടക്കുന്നത്. കാര്യകാരണനിബദ്ധമായി ആലോചിക്കുമ്പോഴും അകമെ സംഭാഷണം നടക്കുന്നു. ആ 'സംസാര'ത്തിന്റെ നിയന്ത്രണവും തപസ്സുതന്നെ. ആത്യന്തികയാഥാര്‍ഥ്യത്തെ അറിയാനുള്ള പാഠങ്ങള്‍ ഉരുവിടുകയും അവയെക്കുറിച്ച് അകമെ ചര്‍ച്ച ചെയ്യുകയും പതിവാക്കാം. പാഠങ്ങള്‍ വീണ്ടും വീണ്ടും ഉരുക്കഴിക്കുമ്പോള്‍ അവ മനസ്സില്‍ തങ്ങി നില്‍ക്കും. ദിവസേന ഒരു ശ്ലോകമെങ്കിലും വായിക്കുന്ന ശീലം വളര്‍ത്താന്‍ കഴിയും. ഈ അറിവ് കാലംകൊണ്ട്‌നിത്യജീവിതത്തില്‍ ബോധ്യപ്പെടുമ്പോള്‍ അത് സ്വാംശീകരിക്കപ്പെടുകയും വിജ്ഞാനമാവുകയും ചെയ്യും. എങ്കിലും ഉണ്ടായിക്കിട്ടിയ അറിവ് മറന്നുപോകുന്നത് സാധാരണമാണ്. വീണ്ടും വീണ്ടും ഗീതാപദ്യങ്ങള്‍ ഉരുക്കഴിക്കുകയും അവയുടെ സാരത്തെപ്പറ്റി ചിന്തിക്കുകയും ചെയ്താല്‍ ഈ വഴിയില്‍ മുന്നേറാം. ക്ഷമയോടെയേ പരാവിദ്യ വശമാക്കാനാവൂ.
സാഹിത്യകല എന്തിനെന്നും എങ്ങനെ ഇരിക്കണമെന്നും സംശയമില്ലാതെ നിശ്ചയിച്ചു പറയുകകൂടിയാണ് ഇവിടെ. ഞെട്ടിപ്പിക്കാനോ (ീസ്‌രക്ഷ) ഹരംപിടിപ്പിക്കാനോ (വന്ദരഹറവ) ക്ഷോഭിപ്പിക്കാനോ (വൃിമഷവ) ഒന്നുമല്ല സാഹിത്യത്തിന്റെ ലക്ഷ്യം. ലോകഹിതമാണ് അതിന്റെ പരമലക്ഷ്യമായിരിക്കേണ്ടത്. അതിനായി സത്യത്തെ പ്രിയമുളവാകുന്ന രീതിയില്‍ അവതരിപ്പിക്കണം. മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കു പോയി എന്ന അസത്യകഥ പ്രിയമുളവാകുമാറ് പറഞ്ഞ് ലോകഹിതത്തിനാവശ്യമായ സത്യബോധം സൃഷ്ടിക്കാം. എന്തെല്ലാം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്നാലും ലോകഹിതം മുന്‍നിര്‍ത്തി, സത്യകഥകള്‍ പ്രിയമുളവാകുമാറ് പാടാം, പാടണം.
(തുടരും)
