githadharsanam

ഗീതാദര്‍ശനം - 602

Posted on: 23 Sep 2010

സി. രാധാകൃഷ്ണന്‍



ശ്രദ്ധാത്രയവിഭാഗയോഗം


പരമാത്മസ്വരൂപത്തില്‍നിന്ന് ശ്രദ്ധമാറാതെയുള്ള നിലയാണ് ബ്രഹ്മചര്യം. ശരീരത്തെ ആ ശ്രദ്ധ നിലനിര്‍ത്താനുള്ള ഉപാധിയാക്കലാണ് ശാരീരികമായ തപസ്സിലെ പ്രധാന കാര്യം. അതുസാധിക്കണമെങ്കില്‍ എന്റെ-നിന്റെ എന്ന ചിന്ത പോയിക്കിട്ടണം. ആ ചിന്തയാണ് ഹിംസയുടെ കാതല്‍. ഏതുകാര്യം ചെയ്യുമ്പോഴും ഇതുകൊണ്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടാകുമോ എന്ന് ഒന്നു ശ്രദ്ധിക്കുന്നത് പരാവിദ്യ അഭ്യസിക്കുന്നതിനുള്ള ഒരു എളുപ്പവഴിയാണ്. എല്ലാവരിലും ഒരുപോലെ കുടികൊള്ളുന്ന പ്രപഞ്ചജീവനെ സ്ഥിരമായി മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ ഈ ശ്രദ്ധ ആവശ്യമാണ്.

അനുദ്വേഗകരം വാക്യം
സത്യം പ്രിയഹിതം ച യത്
സ്വാധ്യായാഭ്യസനം ചൈവ
വാങ്മയം തപ ഉച്യതേ

ആരെയും ക്ഷോഭിപ്പിക്കാത്തതും സത്യവും പ്രിയവും ഹിതവുമായ ഭാഷണവും ആത്മജ്ഞാനശാസ്ത്രപഠനവും വാങ്മയമായ തപസ്സായി പറയപ്പെട്ടിരിക്കുന്നു.
ജീവോര്‍ജം വൃഥാഭാഷണമായി പാഴായിപ്പോകുന്നത് ഒഴിവാക്കാന്‍ ഇതാ എളുപ്പവഴി. പറഞ്ഞുപറഞ്ഞ് പറയുന്നവനും കേള്‍ക്കുന്നവരും ഒരുപോലെ ക്ഷോഭിച്ച് വിദ്വേഷവിഷവൃക്ഷം ലോകമഹായുദ്ധങ്ങളായിവളരാന്‍ ഇടയാകരുത്. വാക്കിന്റെ ദുര്‍വിനിയോഗമാണത്. എത്ര നന്മവരുത്തുന്ന കാര്യമായാലും അത് അപ്രിയമായി അവതരിപ്പിച്ചാല്‍ ഉദ്ദേശിച്ചതിന് നേര്‍വിപരീതമായ അവസ്ഥയാണ് മിക്കവാറുമുണ്ടാവുക. ഏതു നല്ലകാര്യവും മറ്റുള്ളവരോട് പ്രിയമായും ഹിതമായും പറയാനുള്ള കഴിവ് വളര്‍ത്തിയെടുക്കുന്നത് ഭൗതികജീവിതത്തിലും അത്യാവശ്യമാണ്. സത്യമേ പറയൂ, സര്‍വ ചരാചരങ്ങള്‍ക്കും നന്മ വരാനുള്ളതേ വാക്കിലൂടെആവിഷ്‌കരിക്കൂ എന്നു നിശ്ചയിച്ചാല്‍ എല്ലാ അധികപ്രസംഗവും അവസാനിക്കും. ഉച്ചഭാഷിണികള്‍ക്ക് പണിയില്ലാതാകും. ബാഹ്യവും ആന്തരികവുമായ ശാന്തി കൈവരും. നമുക്കും ലോകത്തിനും സൈ്വരമായി കഴിയാറാവും.
(തുടരും)



MathrubhumiMatrimonial