
ഗീതാദര്‍ശനം - 594
Posted on: 14 Sep 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയവിഭാഗയോഗം
കട്വമ്ലലവണാത്യുഷ്ണ-
തീക്ഷ്ണരൂക്ഷവിദാഹിനഃ
ആഹാരാഃ രാജസസ്യേഷ്ടാഃ
ദുഃഖശോകാമയപ്രദാഃ
അതിയായ എരിവ്, പുളി, ഉപ്പ്, ഉഷ്ണം, കാഠിന്യം എന്നിവയോടു കൂടിയ, എണ്ണമയമില്ലാത്ത, ദേഹത്തെ ചുട്ടെരിക്കുന്ന, ദുഃഖവും പ്രസാദമില്ലായ്മയും രോഗവും ഉളവാക്കുന്ന ഭക്ഷണപദാര്‍ഥങ്ങളാണ് രാജസന്‍മാര്‍ക്ക് ഇഷ്ടം.
ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാന്‍ വേണ്ടി തയ്യാര്‍ ചെയ്തതാണ് രാജസഭക്ഷണം. ചിലര്‍ എരിവുമാങ്ങയും വറുത്ത മുളകുമൊക്കെ ഒരു ശീലമെന്ന നിലയില്‍ വലിയ അളവില്‍ കഴിക്കാറുണ്ടല്ലോ. കടിച്ചു പറിച്ചും കറുമുറെയുമൊക്കെ തിന്നാലെ ചിലര്‍ക്ക് തൃപ്തിയാകൂ. കഴിക്കുമ്പോഴത്തെ സുഖം കഴിച്ചുകഴിഞ്ഞാല്‍ ഇരിക്കപ്പൊറുതിയില്ലായ്മയും അജീര്‍ണവും രോഗവുമായി പരിണമിക്കുന്ന തരം ആഹാരം രാജസമാണ്. ആയുസ്സിനും ആരോഗ്യത്തിനുമല്ല നാക്കിനും മൂക്കിനുമാണ് പ്രാമാണ്യം. രക്തസമ്മര്‍ദമുണ്ടായാല്‍ ഉപ്പും പ്രമേഹമുള്ളപ്പോള്‍ മധുരവും പലരെയും വലയ്ക്കുന്ന രീതി നോക്കുക. കഴിക്കാന്‍ പറ്റില്ലല്ലോ എന്ന് സങ്കടം. അഥവാ, കഴിച്ചുപോയാല്‍ വിഷാദം, രോഗാധിക്യം, ദുരിതം. രണ്ടായാലും ഓര്‍മയിലെപ്പോഴും ഉപ്പും മധുരവും മാത്രം! രജോഗുണവൃദ്ധിയില്‍ എല്ലാ വിഷയാനുഭവങ്ങളുടെയും കാര്യത്തില്‍ വന്നുചേരുന്ന ഗതികേടിന് ഉത്തമോദാഹരണമാണിത്.
ഇതല്ലെ ലോകസ്വഭാവം എന്നാണെങ്കില്‍, അതെ. പക്ഷേ, ആരും കാണാതെ കഴിക്കുകയോ കഴിക്കാനുള്ള ആര്‍ത്തിയോട് സ്ഥിരമായി യുദ്ധംചെയ്യുകയോ ആണോ തുടര്‍ന്നും നാം വേണ്ടത്? ഒരിക്കലുമല്ല. ഇല്ലാതാക്കാന്‍ കഴിയാത്തതല്ല ആ ആര്‍ത്തി. ആര്‍ത്തി ഉളവാക്കുന്ന വസ്തുക്കളോട് നിസ്സംഗത വളര്‍ത്തിയെടുക്കാം. അത് സാധ്യവും ഫലപ്രദവുമാണ്.
ഏത് ഗുണം വികസ്വരമാകുമ്പോഴും അതിനനുസരിച്ച അഭിരുചികള്‍ ഉണ്ടാകുന്നു. ആ അഭിരുചികളില്‍ അഭിരമിക്കുമ്പോള്‍ ആ ഗുണം കൂടുതല്‍ വികസ്വരമാവുന്നു. തുടങ്ങുന്നത് ചെറുതായാണ്. പോകെപ്പോകെ ദൂഷിതവലയമായി അധികരിക്കുന്നു. ഇന്നത്തേക്കാള്‍ കൂടുതല്‍ വേണ്ടിവരുന്നു, എരിവും പുളിയും ഉപ്പും ലഹരിയുമൊക്കെ നാളെ. ചെങ്കുത്തായ ഇറക്കത്തില്‍ പെട്ടുപോയ ബ്രെയ്ക്കില്ലാവാഹനത്തിന്റെ കഥതന്നെ! പോകെപ്പോകെ പരിഹാരം കൂടുതല്‍ ശ്രമകരം. തുടക്കത്തിലേ ചികിത്സിച്ചാലോ, മാറിക്കിട്ടാന്‍ എളുപ്പം.
(തുടരും)
