
ഗീതാദര്‍ശനം - 593
Posted on: 12 Sep 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയവിഭാഗയോഗം
ആയുഃസത്വബലാരോഗ്യ-
സുഖപ്രീതിവിവര്‍ധനാഃ
രസ്യാഃ സ്‌നിഗ്ധാഃ സ്ഥിരാ ഹൃദ്യാ
ആഹാരാഃ സാത്വികപ്രിയാഃ
ആയുസ്സ്, ഉത്സാഹം, മനോബലം, ദേഹബലം, ആരോഗ്യം, ചിത്തസുഖം, ഇന്ദ്രിയതൃപ്തി എന്നിവ വളര്‍ത്തുന്നവയും രുചികരങ്ങളും എണ്ണമയമുള്ളവയും സ്ഥായിയായ ദേഹപുഷ്ടി നല്‍കുന്നവയും മനസ്സിനിണങ്ങുന്നവയുമായ ആഹാരങ്ങളാണ് സാത്ത്വികശ്രദ്ധയുള്ളവര്‍ക്ക് പ്രിയം.ഈ ലോകം ഉപേക്ഷണീയമല്ല, ജീവിക്കാന്‍ ഉള്ളതാണ്. അവനവന് ഈശ്വരന്‍ തരുന്നതില്‍ സന്തോഷിച്ച് നൂറു വര്‍ഷം നീണ്ടു വാഴാനാണ് ഈശാവാസ്യോപനിഷത്ത് പറയുന്നത്. ലോകഹിതത്തിനുള്ള പല കര്‍മപരിപാടികളും കാലദൈര്‍ഘ്യമുള്ളതാകയാല്‍ ദീര്‍ഘായുസ്സ് അഭിലഷണീയം. ആയുര്‍വേദത്തിന്റെ മുഖ്യപ്രമാണമായ അഷ്ടാംഗഹൃദയത്തില്‍ ആദ്യത്തെ മൂന്ന് അധ്യായങ്ങളും ആയുസ്സിനെ പരിപാലിക്കാനുള്ള മുറകള്‍ പറയുന്നു. ശീതോഷ്ണങ്ങളും വാത-പിത്ത-കഫങ്ങളും സമീകരിക്കുന്നതിനുതകുന്ന ആഹാരമാണ് വേണ്ടത്.
ആയുര്‍വേദപ്രകാരം ഓജസ്സ് സത്ത്വാംശമാണ്. സത്ത്വശുദ്ധിയുണ്ടായാലേ ആത്മപ്രകാശം തെളിയൂ.
പ്രവര്‍ത്തനത്തിനുള്ള ഉന്‍മേഷത്തെ കാത്തുസൂക്ഷിക്കുന്നത് ബലമാണ്. ശരീരവും മനസ്സും ആയുസ്സിനോട് യോഗയുക്തമായി ഇരിക്കുന്നതാണ് ആരോഗ്യം. സുഖമെന്നാല്‍, ദേഹി നിവസിക്കുന്ന ആകാശം സന്തോഷപ്രദമായിരിക്കുന്ന അനുഭവമാണ്. ഉള്ളതില്‍ സന്തോഷിക്കുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നതാണ് തൃപ്തി. രസമുള്ളതെന്നാല്‍ (രസിപ്പിക്കുന്നതെന്നല്ല) നീരുള്ളത്, ആര്‍ദ്രമായത്. വെണ്ണ സ്‌നിഗ്ധമാണ്. കാണാനും മണംപിടിക്കാനും രുചിക്കാനും കഴിക്കാനും ഒരുപോലെ ആശാസ്യമായ ആഹാരം ഹൃദ്യാഹാരം.
ആഹാരം എങ്ങനെയുള്ളതാകണം എന്നല്ലാതെ എന്തായിരിക്കണം എന്നു പറയുന്നില്ല. സസ്യാഹാരമോ മാംസാഹാരമോ നല്ലതെന്ന ചോദ്യമോ അതിനുള്ള ഉത്തരമോ ലഭ്യമല്ല. 'ഈശ്വരാ, കുട്ടിയായിരുന്നപ്പോള്‍ എന്നെ കുറെ ഇറച്ചി തീറ്റിച്ചിട്ടുണ്ടല്ലോ, ഇനി ഒരിക്കലും സത്ത്വബുദ്ധി എനിക്ക് ഉണ്ടാവില്ലല്ലോ!' എന്നും മറ്റുമുള്ള അര്‍ഥശൂന്യമായ വേവലാതികള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല.
(തുടരും)
