പെരുച്ചാഴികള്‍ക്കായി പാലം; ചെലവ് ഒന്നരക്കോടി

Posted on: 06 Sep 2010

-സ്വന്തം ലേഖകന്‍





ലണ്ടന്‍: എലികളെ കുഴലൂതി ആകര്‍ഷിച്ച് മരണത്തിലേക്ക് നയിച്ച ഹാംലിനിലെ പൈഡ് പൈപ്പറുടേത് പഴയ നാടോടിക്കഥ. അങ്ങ് ബ്രിട്ടനില്‍ എലികള്‍ക്ക് സുരക്ഷിതമായ നടവഴി ഒരുക്കിയരിക്കുകയാണ് ഭരണാധികാരികള്‍. ഡോര്‍മൗസ് എന്ന ഒരിനം പെരുച്ചാഴിക്ക് സഞ്ചരിക്കാന്‍ നിര്‍മിച്ച പാലത്തിന്റെ ചെലവ് 1.9 ലക്ഷം പൗണ്ട് (ഒന്നരക്കോടി രൂപ). ചൊവ്വാഴ്ച പാലം തുറക്കാനിരിക്കെ നികുതിദായകരുടെ പണം പാഴാക്കിയെന്ന് വെല്‍ഷ് നിയമസഭക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന ഈ പെരുച്ചാഴികള്‍ യൂറോപ്യന്‍ യൂണിയന്‍ ആവാസവ്യവസ്ഥാ നിയന്ത്രണനിയമമനുസരിച്ച് സംരക്ഷിത ജീവികളാണ്. നിലത്തിറങ്ങാതെ മരത്തില്‍നിന്നു മരത്തിലേക്കാണ് ഇവയുടെ സഞ്ചാരം. ഉറങ്ങുക എന്നര്‍ഥമുള്ള ഡോര്‍മിര്‍ എന്ന ഫ്രഞ്ച് വാക്കില്‍നിന്നാണ് ഇവയ്ക്ക് ഡോര്‍മൗസ് എന്ന പേരുകിട്ടിയത്. ജീവിതത്തിന്റെ മൂന്നിലൊന്നു ഭാഗവും ഇവ ഉറങ്ങിത്തീര്‍ക്കുകയാണ്.



വെയ്ല്‍സില്‍ പൊതുവെ ഇവയുടെ എണ്ണം കുറവാണ്. ആ സ്ഥിതി പരിഗണിച്ചാണ് ലാന്‍ട്രിസാന്റിനടുത്ത് പുതുതായി നിര്‍മിച്ച ചര്‍ച്ച് വില്ലേജ് ബൈപ്പാസിന് കുറുകെ ഇവയ്ക്ക് പാലം പണിതത്. കമ്പിവലകള്‍കൊണ്ട് പൊതിഞ്ഞാണ് പാലമുണ്ടാക്കിയിരിക്കുന്നത്.

റോഡ് പണിയാന്‍ മരങ്ങള്‍ മുറിച്ചുനീക്കിയപ്പോള്‍ ഇവയുടെ സഞ്ചാരപാത തടസ്സപ്പെടുത്തിയതിനാലാണ് 20 അടി ഉയരമുള്ള തടിത്തൂണുകളില്‍ പാലം നിര്‍മിച്ചത്. ചര്‍ച്ച് വില്ലേജ് ബൈപ്പാസിലെ ഗതാഗതത്തിരക്കും ഇതിനു കാരണമായി. ഒന്‍പതു കോടി പൗണ്ടാണ് (647 കോടി രൂപ) റോഡ് പണിക്ക് ചെലവിട്ടത്. 4.6 മൈലാണ് റോഡിന്റെ നീളം.




MathrubhumiMatrimonial