ഇന്ത്യയില്‍ കഴുകന്‍മാര്‍ക്ക് സംഭവിക്കുന്നത്‌

Posted on: 06 Sep 2010

-സ്വന്തം ലേഖകന്‍





കോഴിക്കോട്: ഇന്ത്യയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ കഴുകന്മാരുടെ എണ്ണം 99.9 ശതമാനം കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പശുക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകളാണ് ഈ കുറവിന് പ്രധാന കാരണമെന്ന് മുംബൈ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും (എം.എന്‍.എച്ച്.എസ്.) ചേര്‍ന്ന് നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണേന്ത്യയില്‍ വയനാട് വന്യജീവി സങ്കേതം ഉള്‍പ്പെടെ അഞ്ച് സ്ഥലത്ത് മാത്രമാണ് കഴുകന്മാര്‍ ഇപ്പോള്‍ കാണപ്പെടുന്നതെന്ന് എം.എന്‍.എച്ച്.എസ്. അംഗവും പ്രമുഖ പക്ഷിനിരീക്ഷകനുമായ ഡോ. സി. ശശികുമാര്‍ പറയുന്നു. മുതുമല ടൈഗര്‍ റിസോര്‍ട്ട്, ബന്ദിപ്പൂര്‍, നാഗര്‍ഹോള, സത്യമംഗലം എന്നീ കാടുകളിലാണ് വയനാടിന് പുറമെ കഴുകന്മാരുള്ളത്.

ഇതില്‍ വയനാട്ടില്‍ അന്‍പതില്‍ താഴെ കഴുകന്മാരാണുള്ളത്. ദക്ഷിണേന്ത്യയില്‍ മൊത്തം 250ല്‍ താഴെയും. രാജസ്ഥാന്‍, ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളിലും ഏതാനും കഴുകന്മാരുണ്ട്. ഇവിടങ്ങളിലെല്ലാം 1970 കള്‍ക്ക് മുമ്പ് ഇവയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നെന്നും പത്തു വര്‍ഷമായി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പശുക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് വേദനസംഹാരിയായി നല്കുന്ന 'ഡൈക്‌ളോഫെനാക്ക്' മരുന്ന് അവ ചത്തുകഴിഞ്ഞാലും അവയുടെ മാംസത്തില്‍ അവശേഷിക്കും. മൃതദേഹങ്ങള്‍ കൊത്തിത്തിന്നുമ്പോള്‍ ഈ മരുന്നിന്റെ അംശം കഴുകന്മാരുടെ ഉള്ളില്‍ ചെല്ലുകയും വൃക്കസംബന്ധമായ അസുഖം പിടിപെട്ട് അവ ചാവുകയും ചെയ്യുമെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കി.

കാലാവസ്ഥാവ്യതിയാനം, വേട്ട, കീടനാശിനിയുടെ നേരിട്ടല്ലാത്ത ഉപയോഗം തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ കഴുകന്മാര്‍ കുറയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും വേദനസംഹാരിയുടെ സ്വാധീനം പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട് എന്നത് പുതിയ കണ്ടുപിടിത്തമാണെന്ന് ഡോ. സി. ശശികുമാര്‍ വ്യക്തമാക്കി.



MathrubhumiMatrimonial