
ഗീതാദര്‍ശനം - 587
Posted on: 05 Sep 2010
സി. രാധാകൃഷ്ണന്‍
ശ്രദ്ധാത്രയവിഭാഗയോഗം
അടിച്ചമര്‍ത്താന്‍ ശ്രമിച്ചോ പ്ലാസ്റ്റിക് സര്‍ജറി നടത്തിയോ മൂടി വെച്ചോ ഈ ചേരുവയെ ഭേദപ്പെടുത്താനാവില്ല. എന്നാല്‍, സ്വഭാവം മൂല്യബോധവുമായി ബന്ധപ്പെട്ടതാണ്. മൂല്യബോധത്തെ അറിവുകൊണ്ട് മാറ്റാം. 'തപം' ചെയ്ത് ആ അറിവിനെ സ്വാംശീകരിച്ചാല്‍ കൊള്ളക്കാരനായ രത്‌നാകരന് വാല്മീകിയാകാം. അതിനാല്‍, ജ്ഞാനത്തേക്കാള്‍ പവിത്രമായി ഈ പ്രപഞ്ചത്തില്‍ ഒന്നുമുള്ളതായി അറിവില്ല. ('നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ' - 4. 38. 1.) അറിവിന്റെ വളര്‍ച്ച അനുസരിച്ചാണ് വിശ്വാസത്തിന്റെ തലം. ഈശ്വരവിശ്വാസത്തിന്റെ കാര്യത്തില്‍ ഈ വ്യത്യാസം പ്രകടമായി കാണാം.
യജന്തേ സാത്വികാ ദേവാന്‍
യക്ഷരക്ഷാംസി രാജസാഃ
പ്രേതാന്‍ ഭൂതഗണാംശ്ചാന്യേ
യജന്തേ താമസാഃ ജനാഃ
സാത്ത്വികന്മാര്‍ ദേവന്‍മാരെയും രാജസന്മാര്‍ യക്ഷരക്ഷസ്സുകളെയും, മറ്റുള്ള താമസന്‍മാരാകട്ടെ, പ്രേതങ്ങളെയും ഭൂതഗണങ്ങളെയും പൂജിക്കുന്നു.
പരമസത്യം ഗ്രഹിക്കാന്‍ കഴിയാത്ത ആളുകള്‍ അവരവരുടെ ശ്രദ്ധയ്ക്ക് അനുരൂപമായ ഈശ്വരസങ്കല്പങ്ങള്‍ക്ക് രൂപം നല്‍കുന്നു. മനുഷ്യരില്‍ മിക്കവര്‍ക്കും ഒരു ആശ്രയമില്ലാതെ നിലനില്‍ക്കാനാവില്ലല്ലൊ.
ഒരാള്‍ ആരെയാണ് ആരാധിക്കുന്നതെന്നും ആര്‍ക്കര്‍പ്പിച്ചാണ് കര്‍മം ചെയ്യുന്നതെന്നും അറിഞ്ഞാല്‍ അയാളുടെ ജന്മവാസന നിശ്ചയിക്കാം. സ്വന്തം നിലപാടിനെയും ചെയ്തികളെയും മാറി നിന്ന് നോക്കിയാല്‍ നമ്മുടെ ജന്മവാസന നമുക്കുതന്നെ കണ്ടെത്താമെന്നര്‍ഥം.
(തുടരും)
