githadharsanam

ഗീതാദര്‍ശനം - 586

Posted on: 03 Sep 2010

സി. രാധാകൃഷ്ണന്‍



ശ്രദ്ധാത്രയവിഭാഗയോഗം


'ശീലംപോലെ കോലം' എന്ന ചൊല്ലുതന്നെ ശരി. ഇംഗ്ലീഷില്‍ 'സ്വഭാവംതന്നെ തലവിധി' (character is destiny)എന്നും പറയുന്നു. ഒരാളുടെ താത്പര്യങ്ങള്‍ അറിഞ്ഞാല്‍ അയാളുടെ സ്വഭാവം പിടി കിട്ടുന്നു. ആധുനികവിദ്യാഭ്യാസശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നത്, സ്വഭാവത്തിന് ഇണങ്ങിയത് പഠിപ്പിക്കണമെന്നാണ്. സ്വഭാവം കണ്ടെത്താന്‍ അഭിരുചി(aptitude) വിലയിരുത്തണം എന്നും ശഠിക്കുന്നു. താത്പര്യം നോക്കി തൊഴില്‍ ശീലിപ്പിക്കാന്‍ ചൈല്‍ഡ് ഗൈഡന്‍സ് വേണം എന്ന് ആല്‍ഫ്രഡ് അഡ്‌ലര്‍ (Alfred Adler) നിരൂപിച്ചത് പ്രയോഗിക്കാന്‍ (ഓസ്ട്രിയയില്‍) തുടക്കമിട്ടിട്ട് ഏതാണ്ടൊരു നൂറു വര്‍ഷമേ ആയുള്ളൂ. ഇപ്പോള്‍ ആഗോളസമ്മതി ആര്‍ജിച്ച ഈ ആശയം ആയിരത്താണ്ടുകള്‍ക്കു മുമ്പ് വ്യാസര്‍ പറഞ്ഞുവെച്ചതിന്റെ തുടര്‍ച്ചയാണ്. ഏറെ നൂറ്റാണ്ടുകളായി മലയാളഭാഷയും ഇതറിയുന്നു, 'ആട്ടുന്നവനെ പിടിച്ച് നെയ്യാനാക്കരു'തെന്ന ബോധ്യത്തിലൂടെ.
മറ്റു ജീവികളില്‍ വാസനകള്‍ സോപാധികമായ റിഫ്‌ളക്‌സ് ആയി പ്രകടമാകുമ്പോള്‍ മനുഷ്യരില്‍ അത് ബോധതലത്തില്‍ വളര്‍ന്നു മുറ്റിയ സംസ്‌കാരമായി കാണപ്പെടുന്നു. പാരമ്പര്യത്തിന്റെ ജനിതകപ്രസക്തി ഒരു വശത്തും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിന്റെ സമ്മര്‍ദം മറുവശത്തും നില്‍ക്കെ ഇവയെ സമന്വയിപ്പിച്ച് വ്യക്തിസത്തയെ രൂപപ്പെടുത്തുന്നത് വാസനയെ അടിസ്ഥാനമാക്കിയാണ്. പരിണാമദശകളില്‍ ഇന്നേവരെയുള്ള എല്ലാ തട്ടുകളിലെയും വാസനകള്‍ കൈയിരിപ്പുള്ളതില്‍നിന്ന് ദേഹേന്ദ്രിയസംഘാതം അതിലെ വാസനകളുടെ ചേരുവയ്ക്ക് ആവശ്യമായതൊക്കെ സ്വീകരിച്ച് തനതുപ്രകൃതം ഉണ്ടാക്കുന്നു.
(തുടരും)



MathrubhumiMatrimonial