githadharsanam

ഗീതാദര്‍ശനം - 585

Posted on: 02 Sep 2010

സി. രാധാകൃഷ്ണന്‍



ശ്രദ്ധാത്രയവിഭാഗയോഗം


സത്വാനുരൂപാ സര്‍വസ്യ
ശ്രദ്ധാ ഭവതി ഭാരത
ശ്രദ്ധാമയോ fയം പുരുഷഃ
യോ യത് ശ്രദ്ധഃ സ ഏവ സഃ

അര്‍ജുനാ, ഓരോരുത്തരുടെയും ശ്രദ്ധ അവരുടെ സംസ്‌കാരത്തിന് ആശ്രയമായ സത്വത്തിന് അനുരൂപമായാണ് സംഭവിക്കുന്നത്. ഈ (കാണപ്പെടുന്ന, അഥവാ ലൗകികനായ) പുരുഷന്‍ ശ്രദ്ധാവാനാകുന്നു. ഒരാളുടെ ശ്രദ്ധ എവ്വിധമൊ അയാള്‍ അങ്ങനെത്തന്നെയായി ഭവിക്കുന്നു. ('യത് ശ്രദ്ധഃ' എന്നതിന് 'ഏതു വിഷയത്തില്‍, ഏതു വസ്തുവില്‍ ശ്രദ്ധയുള്ളവന്‍' എന്നും അര്‍ഥമുണ്ട്.)

ജീവസ്വരൂപങ്ങള്‍ക്ക് പൊതുവെയുള്ള പ്രവര്‍ത്തനനിയമമാണ് ഇവിടെ വെളിപ്പെടുന്നത്. അതിനാല്‍, ശ്ലോകത്തിലെ 'സത്വ'പദത്തിന് സത്വഗുണമെന്നോ 'ശ്രദ്ധ'യ്ക്ക് ഈശ്വരവിശ്വാസം എന്നോ അര്‍ഥം കല്പിച്ചാല്‍ പോരാ. സത്തിന്റെ ഭാവമാണ് സത്വം. അതായത്, തന്നിലെ പരാപ്രകൃതിയുടെ ഏതു തരം ഉണ്മയായാണോ ഒരാള്‍ അനുഭവിക്കുന്നത് അതുതന്നെ അയാളുടെ സത്വം. നിലനില്പിനെ ഇന്ദ്രിയസുഖമാത്രമായി അനുഭവിക്കുന്ന ആള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കുമെല്ലാം അവരവരുടെ ശ്രദ്ധ ഉണ്ടല്ലൊ. ശ്രദ്ധകൊണ്ട് ജീവസ്വരൂപം ഉണ്ടാവുന്നു, ജീവസ്വരൂപംകൊണ്ട് ശ്രദ്ധയും ഉണ്ടാകുന്നു.

ഏതനുഭവവും അതുമായി ബന്ധപ്പെട്ട ശ്രദ്ധ മാറിയാല്‍ മാറും. വിവേകത്തിലൂടെ പരിണമിച്ച് സത്യത്തിലെത്താനുള്ള ഉപാധിയാണ് ശ്രദ്ധ.
(തുടരും)



MathrubhumiMatrimonial