goodnews head

തീയില്‍ കുരുത്ത വര്‍ണങ്ങള്‍

Posted on: 26 Dec 2007


കോഴിക്കോട്: അമ്പതു പിന്നിട്ട ഈ ചിത്രകാരിയെ പരിചയപ്പെടുക: ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ മുട്ടക്കച്ചവടം നടത്തുന്നു. അവിവാഹിത. എട്ടാം ക്ലാസ് വിദ്യാഭ്യാസം. കല്ലായി പയ്യാനക്കല്‍ റോഡില്‍ മുണ്ടങ്ങാട്ട് പറമ്പിലെ ചീനിക്കല്‍ വീട്ടില്‍ താമസം. രോഗിയായ അമ്മയും അവിവാഹിതയായ സഹോദരിയും. ഇളയ സഹോദരനും കുടുംബവും ഒപ്പം.

പേരെടുത്ത ഫൈന്‍ ആര്‍ട്‌സ് സ്‌കൂളിലൊന്നും പഠിച്ചിട്ടില്ല. ജീവിതസാഹചര്യം അങ്ങനെയായിരുന്നു. പത്തൊമ്പതാം വയസ്സില്‍ മഞ്ഞപ്പിത്തം ബാധിച്ചതോടെ ആരോഗ്യവും ക്ഷയിച്ചു. എന്നാല്‍ ചിത്രകാരിയാവുക എന്ന മോഹത്തിന് അത് തടസ്സമായില്ല. സാമ്പത്തിക പരാധീനതകളെയും രോഗത്തെയും ശാന്ത വരച്ചു തോല്പിച്ചു.

കണ്ടുമറന്ന പെയിന്റിങ്ങുകളെ ശാന്തയുടെ ചിത്രങ്ങള്‍ ഓര്‍മിപ്പിക്കുന്നില്ല. പുതുമയുള്ള തനതു ശൈലി. 'അനുകരണം എനിക്കിഷ്ടമല്ല' -കോഴിക്കോട്ടെ ചിത്രപ്രദര്‍ശനവേദികളിലെ ഈ സ്ഥിരം കാഴ്ചക്കാരി പറയുന്നു. ശാന്തയുടെ ചിത്രങ്ങള്‍ അപൂര്‍വ സൃഷ്ടികളാണെന്നാണ് പ്രസിദ്ധ ചിത്രകാരന്‍ സദാനന്ദ് മേനോന്റെ അഭിപ്രായം. പത്മിനിക്കുശേഷം കേരളം കാണാനിരിക്കുന്ന മികച്ച ചിത്രകാരി എന്ന് കോഴിക്കോട് എസ്.കെ. പൊറ്റെക്കാട്ട് സാംസ്‌കാരിക കേന്ദ്രത്തിലെ ചിത്രരചനാ അധ്യാപകന്‍ കെ. സുധീഷ് അവരെ വിശേഷിപ്പിക്കുന്നു. ചിത്രരചനാരംഗത്ത് പെണ്‍സാന്നിധ്യം കുറവായ കേരളത്തില്‍ ശാന്തയുടെ വരവ് പുതിയ ചലനം സൃഷ്ടിക്കും.

പത്രപ്പരസ്യം കണ്ട് അഞ്ചു വര്‍ഷം മുമ്പാണ് ശാന്ത എസ്.കെ. പൊറ്റെക്കാട്ട് സാംസ്‌കാരിക കേന്ദ്രത്തില്‍ വര പഠിക്കാനെത്തിയത്. കുട്ടികളായ സഹപാഠികള്‍ക്കിടയില്‍ അധ്യാപകര്‍ പറയുന്നതിന് ചെവി കൊടുക്കാതെ അവര്‍ രണ്ടു വര്‍ഷം പഠിച്ചു. 'ശാന്തേച്ചിക്ക് അവരുടെ സ്വന്തം രീതിയുണ്ട്. ഞങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കില്ല' -സുധീഷ് പറയുന്നു. 'ഞാനൊന്നും പഠിച്ചിട്ടില്ലെ'ന്നു ശാന്തയും.

ഇതിനുമുമ്പ് പത്രപ്പരസ്യം കണ്ട് ചിത്രരചന തപാല്‍മാര്‍ഗം പഠിച്ച കഥയും ശാന്ത പറയും. 1977ലായിരുന്നു അത്. മദ്രാസ് ശാന്തനൂസ് ചിത്രവിദ്യാലയത്തില്‍ മാസം 14 രൂപ കൊടുത്താണ് പഠിച്ചത്. താറാവും കോഴിയും വളര്‍ത്തിയാണ് അന്നും പഠനച്ചെലവ് കണ്ടെത്തിയത്. ശാന്തയ്ക്കു വരയ്ക്കാന്‍ പ്രത്യേക വിഷയങ്ങളില്ല. ചായവും കാന്‍വാസും കൈയില്‍ കിട്ടിയാല്‍ മനസ്സില്‍ തോന്നിയതു വരയ്ക്കും. അതു വാങ്ങാന്‍ ഒമ്പതിനായിരം രൂപയോളം കടം വാങ്ങേണ്ടിയും വന്നു. ആകാശനീലയും കാര്‍മേഘ വര്‍ണവും ഇവരുടെ ഇഷ്ടനിറങ്ങള്‍.

ലളിതകലാ അക്കാദമിയുടെ ഗ്രാന്റിന് ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട 12 പേരില്‍ ഒരാളാണ് ശാന്ത. അങ്ങനെ കിട്ടിയ 15,000 രൂപയില്‍ നിന്നാണ് പ്രദര്‍ശനച്ചെലവ് കണ്ടെത്തുന്നതെന്ന് സുധീഷ് പറഞ്ഞു. കഷ്ടപ്പാടുകള്‍ക്കിടയിലും ചിത്രരചനയെക്കുറിച്ച് പറയാന്‍ ശാന്തയ്ക്ക് ആവേശമാണ്. 'ഇനിയും ചിത്രപ്രദര്‍ശനം നടത്തണമെന്നുണ്ട്. കുട്ടികളെ ചിത്രരചന പഠിപ്പിക്കണമെന്നും ആഗ്രഹമുണ്ട്' -ശാന്ത പറയുന്നു.

വീട്ടില്‍ ചിത്രങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തത് ശാന്തയ്ക്ക് തലവേദനയാകുന്നുണ്ട്. വരച്ച ചിത്രങ്ങള്‍ എസ്.കെ. പൊറ്റെക്കാട്ട് സാംസ്‌കാരിക കേന്ദ്രത്തിലാണ് സൂക്ഷിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയായിരുന്ന ശാന്ത, എണ്‍പതുകളില്‍ സാക്ഷരതാ പ്രവര്‍ത്തനത്തിലും മുന്‍നിരയിലുണ്ടായിരുന്നു.


സിസി ജേക്കബ്


 

 




MathrubhumiMatrimonial