സാഹസികര്‍ക്ക് വിരുന്നൊരുക്കി ചീങ്ങേരിപ്പാറ

Posted on: 27 Aug 2010

-സ്വന്തം ലേഖകന്‍





വയനാട് ജില്ലയില്‍ സമുദ്രനിരപ്പില്‍നിന്നും 1400 അടി ഉയരത്തില്‍ ഐതിഹ്യങ്ങളും മിത്തുകളും നിറഞ്ഞ അമ്പുകുത്തി മലനിരകള്‍. മാനംമുട്ടെ നില്ക്കുന്ന കൂറ്റന്‍ പാറകള്‍. അച്ചുതണ്ടില്‍ കറങ്ങുന്ന ഭൂഗോളംപോലെയുള്ള പാറയ്ക്കു മുകളിലെ പാറകള്‍. എത്രതന്നെ കണ്ടാലും മതിവരാത്ത ദൃശ്യങ്ങള്‍.

ലോകപ്രശസ്തമായ എടക്കല്‍ഗുഹയും വിദേശികളെപ്പോലും മോഹിപ്പിക്കുന്ന 'ഉറങ്ങുന്ന സുന്ദരി'യും ഐതിഹ്യപ്പെരുമ നിറഞ്ഞ ആറാട്ടുപാറയും ഇതിനെല്ലാം കാവലായി നില്ക്കുന്ന പാറരാജാവും. ഏറ്റവും മുകളിലായി വേടരാജവംശത്തിന്റെ കഥകള്‍ ഉറങ്ങുന്ന പൊന്മുടി കോട്ട. ഇവയൊക്കെ അമ്പലവയലിലേക്ക് സാഹസികസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

എടക്കല്‍ ഗുഹയിലെത്തുന്നവര്‍ അധികവും പഠനസംഘങ്ങളാണ്. എന്നാല്‍, പാറകളുടെ അത്ഭുതക്കാഴ്ച അവരെ മറ്റൊരു സാഹസികസഞ്ചാരത്തിന് പ്രേരിപ്പിക്കുന്നു. ചീങ്ങേരിപാറകള്‍ സാഹസികസഞ്ചാരികള്‍ക്കായി വാതില്‍ തുറന്നിരിക്കുകയാണ്. കാരാപ്പുഴ പദ്ധതിയുടെ വരവോടെയാണ് ചീങ്ങേരിയുടെ പ്രാധാന്യം വര്‍ധിച്ചത്.

ചീങ്ങേരി ഭഗവതിക്ഷേത്രത്തിനുമുകളില്‍ മൂന്ന് ഘട്ടമായാണ് ഈ പാറക്കെട്ടുകള്‍. പാറകള്‍ക്കുമുകളില്‍ ഗോളാകൃതിയില്‍ നില്ക്കുന്ന പാറകള്‍ ആരെയും അത്ഭുതപ്പെടുത്തും. ചീങ്ങേരി പാറയുടെ വിശാലമായ സ്ഥലത്തുനിന്നാല്‍ കാരാപ്പുഴയുടെ പൂര്‍ണരൂപം കാണാം. തുരുത്തുകള്‍ക്കിടയിലെ വെള്ളക്കെട്ടുകള്‍ ഏറെ ആകര്‍ഷണീയം. വൈകുന്നേരങ്ങളില്‍ ഇവിടെനിന്ന് സൂര്യാസ്തമയം കാണാനാണ് സഞ്ചാരികളെത്തുന്നത്.

അമ്പലവയല്‍ ആസ്​പത്രിക്കുമുന്നിലുള്ള റോഡിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചീങ്ങേരി മലയിലെത്താന്‍ കഴിയും. കുറച്ചുദൂരം സ്വകാര്യവ്യക്തിയുടെ റോഡിലൂടെ പോകണമെന്നുമാത്രം. സാഹസികപ്രിയരായ ചെറുപ്പക്കാരുടെ സംഘമാണ് അധികവും ഇവിടെയെത്തുന്നത്.



MathrubhumiMatrimonial