
ഗീതാദര്‍ശനം - 580
Posted on: 27 Aug 2010
സി. രാധാകൃഷ്ണന്‍
ദൈവാസുര സമ്പദ്‌വിഭാഗയോഗം
അറിവ് വികാരമായാലേ പ്രശ്‌നം അവസാനിക്കൂ. അമ്മ കുട്ടിയെ പരിചരിക്കുന്നതു നോക്കൂ. കുട്ടിയെ സ്‌നേഹിക്കണമെന്ന് അവരെ ആരും കടലാസിലെഴുതി പഠിപ്പിച്ചിട്ടില്ല. ആ അറിവ് അവര്‍ക്ക് ജന്മസിദ്ധം. അത് അവതരിക്കുന്നതുതന്നെ വികാരവായ്പായാണ്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുകയാണ് കരണീയം എന്ന അറിവ് ഇതുപോലൊരു വികാരമാകുവോളം അത് പ്രാവര്‍ത്തികമാവില്ല.
ഉത്തമവിശ്വാസമുള്ള അറിവിനെ അനുഭവവികാരമാക്കാന്‍ ഒരു വഴിയേ ഉള്ളൂ: ശ്രദ്ധ. അതിനെക്കുറിച്ചാണ് അടുത്ത അധ്യായം. നമുക്ക് ഏതു തരം ശ്രദ്ധയാണ് ഉള്ളതെന്നും അതിന്റെ കാരണവും വരുംവരായ്കകളും എന്തെന്നും വിസ്തരിക്കുന്നു. ഏതു തരം ശ്രദ്ധയാണ് ഉണ്ടാകേണ്ടത് എന്ന് ഭംഗ്യന്തരേണ നിര്‍ദേശിക്കയും ചെയ്യുന്നു.
ശുഷ്‌കമായ അറിവ് അസംസ്‌കൃതവസ്തുവാണ്. അതിനെ സ്വജീവിതത്തിന്റെ ഉലയിലിട്ട് സംസ്‌കരിക്കണം. ആ മഹാകര്‍മത്തിന് നമ്മെ സജ്ജരാക്കാന്‍ മൂന്നു കാര്യങ്ങള്‍ വേണം. ഒന്ന്, നമ്മുടെ ശ്രദ്ധയുടെ തരം നാം തിരിച്ചറിയണം. രണ്ട്, അതിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ വഴി കാണണം. മൂന്ന്, ശ്രദ്ധയൊക്കെ വേണ്ടുവോളമുണ്ട്, പക്ഷേ, ശാസ്ത്രവിധി അറിയില്ലല്ലോ, അപ്പോള്‍ എന്തു ചെയ്യേണ്ടൂ, എന്ന അമ്പരപ്പ് മാറിക്കിട്ടണം.
ഇതി ദൈവാസുരസമ്പദ്വിഭാഗയോഗോ നാമ ഷോഡശോ/ധ്യായഃ
ദൈവാസുരസമ്പദ്വിഭാഗയോഗമെന്ന പതിനാറാമധ്യായം സമാപിച്ചു
