githadharsanam

ഗീതാദര്‍ശനം - 574

Posted on: 19 Aug 2010

സി. രാധാകൃഷ്ണന്‍



ദൈവാസുരസമ്പദ്‌വിഭാഗയോഗം


താനഹം ദ്വിഷതഃ ക്രൂരാന്‍
സംസാരേഷു നരാധമാന്‍
ക്ഷിപാമ്യജസ്രമശുഭാന്‍
ആസുരീഷ്വേവ യോനിഷു

(സ്വദേഹത്തിലും പരദേഹത്തിലും പരമാത്മാവിനെ) ദ്വേഷിക്കുന്നവരും ഭൗതികസ്വാര്‍ഥങ്ങള്‍ക്കായി ക്രൂരകര്‍മങ്ങളില്‍ ഏര്‍പ്പെടുന്നവരും അമംഗളകാരികളും (അതിനാല്‍) നരാധമന്‍മാരുമായ അവരുടെ പരമ്പരയെ ഞാന്‍ ജനനമരണധാരയില്‍ ആസുരസമ്പത്തോടുകൂടിയ ജന്‍മസ്ഥാനങ്ങളില്‍ത്തന്നെ വീണ്ടും വീണ്ടും കൊണ്ടെത്തിക്കുന്നു.
ഇവിടെ, അപരാധങ്ങള്‍ക്ക് ശിക്ഷ വിധിച്ചു നടപ്പാക്കുന്ന പരമാധികാരിയായി പരമാത്മാവ് സ്വയം ചിത്രീകരിക്കുകയല്ല. നിയതിയുടെ സ്വാഭാവികഗതി ചൂണ്ടിക്കാണിക്കുക മാത്രമാണ് വ്യാസര്‍ ചെയ്യുന്നത്. വാസനാസഞ്ചയം സ്വഭാവമായി അടുത്ത തലമുറകളില്‍ പ്രകടമാകും എന്നത് ശാസ്ത്രസമ്മതമായ കാര്യമാണ്.
നിതാന്തമായ തമോഗുണമാണ് അചേതനങ്ങള്‍ക്ക്. ചേതന പ്രകടമാകുന്ന ആദ്യഘട്ടങ്ങളിലും ജീവിയെ ഭരിക്കുന്നത് തമോഗുണംതന്നെ. ക്രമേണ രജോഗുണം മുന്നിട്ടു വരുന്നു, പരിണാമത്തിന്റെ അടുത്ത ശ്രേണിയില്‍ സത്വഗുണവും. ഈ രണ്ടില്‍ ഓരോന്നും മുന്നിടുമ്പോഴും അതിനു മുമ്പത്തെ ഗുണസഞ്ചയം മുഴുക്കെ മനുഷ്യനില്‍ നിലനില്‍ക്കുന്നുണ്ട്. അധികസമ്പാദ്യമായാണ് പുതിയ നേട്ടം കൈവരുന്നത്. ക്രമേണ തെളിഞ്ഞു വരുന്ന ജലം എപ്പോള്‍ വേണമെങ്കിലും വീണ്ടും കലങ്ങാം. ജീവിതത്തില്‍ ഉയര്‍ച്ച, താഴ്ച (ഉന്നമനം, അധോഗതി) എന്നിവയുടെ ശരിയായ അര്‍ഥമെന്തെന്ന് ഗുണത്രയവിഭാഗയോഗത്തില്‍ വിശദമാക്കിയല്ലോ. ('ഊര്‍ധ്വം ഗച്ഛന്തി സത്വസ്ഥാഃ .... അധോ ഗച്ഛന്തി താമസാ' - 14, 18.)
വൈരുധ്യാത്മകമായ പ്രകൃതിയുടെ പ്രവര്‍ത്തനഫലമായാണ് ഗുണകര്‍മഭേദം വരുന്നത്. ജീവപരിണാമത്തിന് വഴിയൊരുക്കി മനുഷ്യനില്‍ എത്തിച്ച് ഈ ഭേദത്തിന് അറുതി വരുത്തുന്നതും പരാപ്രകൃതിതന്നെ എന്നു പറയാം. ''ഭേദങ്ങളുടെ കര്‍ത്താവെന്നാലും എന്നെ അവയുടെ അകര്‍ത്താവായി അറിയണം.'' ('തസ്യ കര്‍ത്താരമപിമാം വിധ്യകര്‍ത്താരമവ്യയം' - 4, 13) പരമാത്മസാരൂപ്യത്തിലേക്കുള്ള വഴിക്കു തിരിഞ്ഞാല്‍ തീര്‍ച്ചയായും അതില്‍ എത്തിച്ചേരുന്നതെങ്ങനെ എന്നു വിശദീകരിക്കുകയും ഉണ്ടായി. രണ്ടു വഴിക്കും തിരിയാന്‍ പ്രകടമായ സ്വാതന്ത്ര്യമുള്ള മനുഷ്യജന്മമെന്ന കൂട്ടുപാതയിലെത്തിയിട്ട് മറ്റേ വഴിക്കു തിരിഞ്ഞാല്‍ താഴോട്ടാവും പോക്ക്. പരിണാമദശകളിലെ താഴെപ്പടികളിലേക്കുള്ള ഈ യാത്ര വരുംതലമുറകള്‍ അല്ലിചില്ലിയായി പോകുവോളം നീളാം. അത്രയും പോയില്ലെങ്കിലും സ്ഥിരമായി കീഴ്പ്പടികളില്‍ ഏതിലെങ്കിലും കുരുങ്ങി ആത്മാനന്ദരഹിതമായ ജീവിതം നയിച്ചുകൊണ്ടേ ഇരിക്കാം.
(തുടരും)



MathrubhumiMatrimonial