
ഗീതാദര്‍ശനം - 573
Posted on: 17 Aug 2010
സി. രാധാകൃഷ്ണന്‍
ദൈവാസുര സമ്പദ്‌വിഭാഗയോഗം
അഹങ്കാരം ബലം ദര്‍പ്പം
കാമം ക്രോധം ച സംശ്രിതാഃ
മാമാത്മപരദേഹേഷു
പ്രദ്വിഷന്തോശഭ്യസൂയകാഃ
എനിക്ക് എന്തും ചെയ്യാന്‍ കഴിയും എന്ന ഭാവത്തേയുംദേഹബലത്തേയും എനിക്കു തുല്യരായി ആരുമില്ലെന്ന നിലപാടിനേയും ഭൗതികസുഖലാഭത്തേയും തുടര്‍ന്ന് കോപത്തേയും മുറുകെ പിടിച്ച്, തനിക്ക് അനുകൂലമല്ലാത്തവരോട് അസൂയയും തികഞ്ഞ അസഹിഷ്ണുതയും പുലര്‍ത്തുന്ന ആസുരീസമ്പന്നന്‍മാര്‍ തങ്ങളുടേയും മറ്റുള്ളവരുടേയും ദേഹങ്ങളില്‍ ഇരിക്കുന്ന എന്നെ (പരമാത്മാവിനെ) ദ്വേഷിച്ചുകൊണ്ടാണ് ജീവിതം നയിക്കുന്നത്.
ശരീരത്തെ പരിപാലിക്കാനുള്ള ഉപാധികളാണ് ഇന്ദ്രിയങ്ങള്‍. അവ മനസ്സിലുളവാക്കുന്ന സുഖാനുഭൂതിയുടെ ഉപഭോക്താവായി ഒരു ഞാന്‍ രൂപപ്പെടുന്നത് സ്വാഭാവികം. ഈ ഞാന്‍ അഹങ്കാരമെന്നറിയപ്പെടുന്നു. ഇതിനെ പ്രപഞ്ചജീവന്റെ ഹിതത്തിനു ബോധപൂര്‍വം കീഴ്‌നിര്‍ത്തിയില്ലെങ്കില്‍ സ്വത്വത്തെ മൊത്തമായി അത് അടിമപ്പെടുത്തും. കര്‍മോപാധിയായ ബലം ഇന്ദ്രിയങ്ങളുടെ പ്രിയാപ്രിയങ്ങള്‍ നോക്കാന്‍ ദുര്‍വിനിയോഗം ചെയ്യപ്പെടും. ധനം, ദേഹബലം, സ്ഥാനബലം എന്നിങ്ങനെ എല്ലാതും പാഴിലാവും. എന്റെ വികൃതി മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന ചിന്തയില്ലായ്മയാണ് ദര്‍പ്പത്തിന്റെ ഫലം. തൃപ്തിപ്പെടുത്താനാവാത്ത കാമമാണ് ജീവിതത്തേരിന്റെ കുതിരയെങ്കില്‍ അതിനുണ്ടാകുന്ന വഴിതടസ്സങ്ങളെല്ലാം ക്രോധം ജനിപ്പിക്കുന്നു. ഏതു തരം ക്രോധാഗ്‌നിയും ആദ്യം ദഹിപ്പിക്കുന്നത് അവനവന്റെ സ്വത്വത്തെ പറ്റിയുള്ള അറിവിനെയാണ്.
ഓരോ ജീവിക്കും ജീവശ്ശാസ്ത്രപരമായ ഒരു ഇടമുണ്ട്. അഹങ്കാരികള്‍ അസഹിഷ്ണുക്കളാണ്. അവര്‍ മറ്റുള്ളവരുടെ 'ഇട'ങ്ങളെ മാനിക്കില്ല. ഏവരെയും വരുതിയില്‍ നിര്‍ത്തിയോ വകവരുത്തിയോ മാത്രം സ്ഥാപിക്കാവുന്ന ഏകഛത്രാധിപത്യമാണ് ലക്ഷ്യം. അതിനാല്‍ ശത്രുതയാണ് മുഖമുദ്ര. 'ഒന്നുകില്‍ നീ അല്ലെങ്കില്‍ ഞാന്‍' എന്നാണ് സ്ഥിരം ഭീഷണി. തന്നിലും അന്യനിലും ഉള്ളത് ഒരേ പരമാത്മസ്വരൂപമാണെന്ന് പിന്നെ എങ്ങനെ ഓര്‍മ വരാന്‍? അഥവാ, ഗൗരവമേറിയ ആ മറവിയിലൂടെ അതിനെ തീര്‍ത്തും നിസ്സാരവത്കരിക്കുന്നു, നിഷേധിക്കുന്നു. എങ്ങുമുള്ള ആത്യന്തികസാന്നിധ്യത്തെ തിരിച്ചറിയാതിരിക്കുന്നതേ തെറ്റ്. അന്യരെ ദ്വേഷിക്കുന്നതിലൂടെ അതിനോട് വിരോധം പുലര്‍ത്തുകകൂടി ചെയ്യുമ്പോള്‍ തെറ്റിന്മേല്‍ തെറ്റായി. ഈ മഹാപരാധത്തിന്റെ ഫലം പിന്നീടു വരുന്ന തലമുറകളിലേക്കും നീളുന്നു.
