
ഗീതാദര്‍ശനം - 572
Posted on: 16 Aug 2010
സി. രാധാകൃഷ്ണന്‍
ദൈവാസുര സമ്പദ്‌വിഭാഗയോഗം
ബുദ്ധിഹീനരായ മനുഷ്യരും കഴുതകളും അവരവരുടെ 'നില്പില്‍' ഉറച്ചുപോയവരാണ്. എന്നാലോ, കഴുതകള്‍ക്കില്ലാത്ത ദോഷംകൂടി ബുദ്ധിഹീനരായ മനുഷ്യര്‍ക്ക് വന്നുകൂടുന്നു. ധനം, മാനം എന്നുതുടങ്ങിയവയാലുള്ള മദമാണ് അത്. പിന്നെ, ഒരു കര്‍മവും ശരിയായ രീതിയില്‍ ചെയ്യാന്‍ കഴിയില്ല. സര്‍വഭൂതഹിതത്തിനായി അര്‍പ്പണഭാവത്തോടെ ചെയ്യുന്ന നിസ്വാര്‍ഥസേവനത്തിന്റെ ഫലം എല്ലാരുംകൂടി പങ്കിട്ടനുഭവിക്കലാണ് യജ്ഞകര്‍മത്തിന്റെ കാതല്‍. അവിവേകികളും കര്‍മങ്ങള്‍ ചെയ്യുന്നു. പക്ഷേ, അതൊന്നും ഇപ്പറഞ്ഞ രീതിയിലോ ഭാവനയോടെയോ ആവില്ല. വേദോക്തമായ 'യജ്ഞം' മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അതും ഇക്കൂട്ടര്‍ പേരിനും പ്രശസ്തിക്കുമായി ചെയ്യാം. പക്ഷേ, സത്യദര്‍ശികളായ ഗുരുനാഥര്‍ പറഞ്ഞ ഒന്നുമല്ല, കല്ലിച്ചുപോയ സ്വന്തം വിഭ്രാന്തപക്ഷമാണ്, ഇവര്‍ക്ക് പ്രമാണം.
പണംകൊണ്ട് കണ്ണു കാണാതാകുന്നപോലെ ദുരഭിമാനംകൊണ്ടും അന്ധത വരും. താനൊഴികെ എല്ലാരും തൃണസമാനരാണെന്ന മുന്‍വിധിയോടെയുള്ള മുട്ടാപ്പോക്കാണ് ദുരഭിമാനികളുടെ രീതി. തിരുവായ്ക്ക് എതിര്‍വാ പാടില്ല. ചലനാത്മകമായ സമൂഹജീവിത പ്രവാഹത്തില്‍ ഉറച്ചുപിടിച്ച പാറക്കെട്ടുകള്‍പോലെ ഇവര്‍ സ്തബ്ധരായി സ്ഥിതി ചെയ്യുന്നു.
ആളെക്കൂട്ടി പണം വാരാനോ സംഘടന വളര്‍ത്താനോ മനഃപൂര്‍വം ബഹളമുണ്ടാക്കി നടത്തുന്ന കോലാഹലസത്രങ്ങളും ഭജനകളും മഹാഹോമങ്ങളും ഇവിടെ പറയുന്ന നാമമാത്രയജ്ഞങ്ങള്‍ക്ക് ഉദാഹരണങ്ങള്‍തന്നെ.
മനുഷ്യരുടെ ഏതു പ്രവൃത്തിയും ശ്രേയസ്‌കരമാകാന്‍ രണ്ടു വിഭിന്ന തലങ്ങളിലെ 'വിധികള്‍' പാലിക്കപ്പെടണം. ചെയ്യുന്ന പണി സര്‍വഭൂതഹിതത്തിനായിരിക്കുക എന്നത് താത്ത്വികമായ വിധി. അനുഷ്ഠാനത്തിന്റെ കൃത്യതയ്ക്ക് മാര്‍ഗനിര്‍ദേശകങ്ങളായ നിബന്ധനകള്‍ ഭൗതികമായ വിധി. വാഴ നടുന്നതു മുതല്‍ വിമാനം പറത്തുന്നതു വരെ എല്ലാറ്റിനും രണ്ടും ബാധകമാണ്. ഭൗതികമായി അവിധിപൂര്‍വകമായാല്‍ (ഇന്ന കാലത്ത് ഇന്ന തരം മണ്ണില്‍ നട്ട് ഇന്ന വളം ഇന്ന നേരത്തു നല്‍കി ഇന്ന അളവില്‍ നനച്ച് വളര്‍ത്തുകയെന്ന മുറകള്‍ തെറ്റിച്ചാല്‍) വാഴയ്ക്ക് കൂമ്പു വരില്ല. വന്നാലും മുരടിക്കും. അഥവാ, കുലച്ചാലും തോട്ടം മുടിയുന്നതിന്റെ ലക്ഷണമായ മുച്ചീര്‍പ്പനാവും. അതേപോലെ, പറക്കല്‍വിധികള്‍ കണിശമായി പാലിച്ചില്ലെങ്കില്‍ വിമാനം നിലത്തുനിന്ന് പൊങ്ങില്ല. പൊങ്ങിയാലും നേരേചൊവ്വേ പറക്കില്ല. പറന്നാലും അപകടം കൂടാതെ നിലത്തിറങ്ങില്ല. ഭൗതികവിധികള്‍ എല്ലാം കൃത്യമായി പാലിക്കപ്പെട്ടാലും താത്ത്വികമായ വിധി തെറ്റിയാല്‍ ഫ്യൂറിഡാനില്‍ നട്ട് വളര്‍ത്തിയ വാഴയുടെ വിഷക്കുല കാര്‍ബൈഡ് എന്ന വിഷം വെച്ച് പഴുപ്പിച്ച് വില്‍ക്കപ്പെടും. ദുരിതബാധിതര്‍ക്ക് മരുന്നും ഭക്ഷണവുമൊക്കെ പറന്നെത്തിക്കേണ്ട വിമാനം അണുബോംബുകള്‍ വര്‍ഷിക്കും.
(തുടരും)
