goodnews head

പ്രകൃതിസ്നേഹിയായ പോലീസുകാരന് അവാര്‍ഡ്‌

Posted on: 03 Jun 2008


ആലപ്പുഴ: പ്രകൃതിയെ സ്നേഹിക്കുന്ന പോലീസുകാരനെത്തേടി വീണ്ടും പരിസ്ഥിതി അവാര്‍ഡ്, കൈനടി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചേര്‍ത്തല അരീപ്പറമ്പ് ചെത്തിക്കാട്ട് വീട്ടില്‍ വിദ്യാധരനെ (48) തേടിയാണ് അവാര്‍ഡുകള്‍ ഓരോന്നായി എത്തുന്നത്. വിവിധ പരിസ്ഥിതി സംഘടനകളുടെ ഒന്‍പതോളം അവാര്‍ഡ് നേടിയിട്ടുള്ള വിദ്യാധരന് ആലുവ പരിസ്ഥിതി സംഘത്തിന്റെ 'ഭൂമിമിത്ര' അവാര്‍ഡാണ് ഇത്തവണ ലഭിച്ചത്. 5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

പോലീസ് സ്റ്റേഷനിലെ തിരക്ക് പിടിച്ച ജോലിക്കിടയിലും വഴിയോരങ്ങളില്‍ വൃക്ഷത്തൈ നടാനും വെള്ളം ഒഴിക്കാനും വിദ്യാധരന്‍ നേരം കണ്ടെത്തുന്നു. വിദ്യാധരന്‍ നട്ട വൃക്ഷങ്ങള്‍ ഇന്നും തലയെടുപ്പോടെ വഴിയരികില്‍ തണല്‍ വിരിക്കുന്നു. എത്ര വൃക്ഷത്തൈകള്‍ നട്ടെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ കഴിയില്ല. അതിനുംമാത്രമുണ്ട് 'വിദ്യാധരന്റെ വൃക്ഷങ്ങള്‍'.

മോട്ടോര്‍ സൈക്കിളില്‍ തൂമ്പയും മണ്‍വെട്ടിയുമായിപോകുന്ന വിദ്യാധരന്‍ ഒരുകാലത്ത് ആലപ്പുഴക്കാര്‍ക്ക് അത്ഭുതമായിരുന്നു. എന്നാല്‍ ഇന്ന് വിദ്യാധരന്‍ എന്ന പ്രകൃതിസ്നേഹിയെ എല്ലാവരും തിരിച്ചറിയും. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് കണ്ടറിഞ്ഞ് ജില്ലാ ഭരണകൂടം ''വൃക്ഷസ്നേഹി'' അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. സുപ്രിയയാണ് ഭാര്യ.

സ്‌കൂള്‍ വിദ്യാര്‍ഥികളായ ആഷിക്ക്, തെരേസ എന്നിവരാണ് മക്കള്‍. മക്കളുടെ പ്രോത്സാഹനവും പരിസ്ഥിതി പ്രവര്‍ത്തനത്തിന് സഹായകമാവുന്നുണ്ടെന്ന് വിദ്യാധരന്‍ പറയുന്നു.

 

 




MathrubhumiMatrimonial