githadharsanam

ഗീതാദര്‍ശനം - 570

Posted on: 15 Aug 2010

സി. രാധാകൃഷ്ണന്‍



ദൈവാസുര സമ്പദ്‌വിഭാഗയോഗം


ഇങ്ങനെ കരുതാതിരിക്കാന്‍ വിമോഹം അഥവാ തെറ്റായ ധാരണ ഇല്ലാതിരിക്കണം. അത് ഉണ്ടാകാതിരിക്കണമെങ്കില്‍ വിവേകം വേണം. പരിണാമപരമായ വ്യക്തിവ്യത്യസ്തതയല്ലാതെ, (അത് എല്ലാ ജീവജാലങ്ങളിലുമുള്ളതാണല്ലോ) മറ്റൊരാളെ അപേക്ഷിച്ച് എനിക്ക് പ്രത്യേകിച്ച് ബഹുമാന്യത ഒന്നുമില്ലെന്ന് തിരിച്ചറിയണം. കുലമഹിമ മിഥ്യയാണ്. മധ്യേ മറിച്ചും വരാം. അമൃതുണ്ടായ പാലാഴിയില്‍നിന്നുതന്നെയാണ് കാളകൂടവും പിറന്നത്. കംസന്റെ തറവാട്ടില്‍ ശ്രീകൃഷ്ണനും ഹിരണ്യകശിപുവിന്റെ കുലത്തില്‍ പ്രഹ്ലാദനും ജനിച്ചു.

മഹാനാണ് താനെന്ന ബോധംതന്നെ മഹത്ത്വമില്ലായ്മയുടെ തെളിവല്ലേ? 'ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കല്‍?' എന്നു ചോദിക്കുന്നത് സാക്ഷാല്‍ പരശുരാമന്‍ ആയാലും അത് അറിവില്ലായ്മയുടെ ലക്ഷണമേ ആകൂ. മഹായജ്ഞങ്ങള്‍ നടത്തുന്നതും വാരിക്കോരി ദാനം ചെയ്യുന്നതുമൊക്കെ ആയിരുന്നിരിക്കണം അക്കാലത്തെ പ്രമാണിത്തങ്ങള്‍. സമാനങ്ങളായ മഹാമേളകള്‍ സംഘടിപ്പിച്ച് അവയിലെ 'കളത്തില്‍ക്കമ്മ'ളായി ഞെളിയുന്നവര്‍ ഇന്നുമുണ്ടല്ലോ. അവര്‍ക്കു കിട്ടുന്ന സന്തോഷം സോപ്പുകുമിളയെക്കാള്‍ ക്ഷണികം. അവരുടെ ജന്മം മൂഢസ്വര്‍ഗത്തില്‍ പൊലിയുന്നു.

ഇവിടെയും ആത്മപരിശോധനയ്ക്കു നമുക്കു പ്രേരണ നല്‍കലാണ് പാഠതാത്പര്യം. നാം വലിയവരാണെന്നും നമ്മെ ആരെങ്കിലും വേണ്ടത്ര ബഹുമാനിച്ചില്ലെന്നും നമ്മുടെ കുലമഹിമ അംഗീകരിക്കപ്പെട്ടില്ലെന്നും മഹാസംഭവങ്ങള്‍ നടത്തിയോ നാലാള്‍ കാണ്‍കെ ആര്‍ക്കെങ്കിലും വല്ലതും കൊടുത്ത് സലേ്പരുണ്ടാക്കിയോ ആളായി സന്തോഷിക്കണമെന്നും ഒക്കെ നമുക്കു തോന്നാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, നമ്മുടെ പോക്ക് ശരിയല്ല.

അനേകചിത്തവിഭ്രാന്താഃ
മോഹജാലസമാവൃതാഃ
പ്രസക്താഃ കാമഭോഗേഷു
പതന്തി നരകേ/ശുചൗ

ഒരിക്കലും തൃപ്തി വരാത്ത ഭൗതികമോഹങ്ങളില്‍ കുരുങ്ങി, കാമാനുഭൂതികളില്‍ ആസക്തരായി, ആസുരീസമ്പന്നന്‍മാര്‍ സ്വന്തം വാസനകളാല്‍ നിര്‍മിതമായ മലിനമായ നരകത്തില്‍ പതിക്കുന്നു.

സുഖവിഷയങ്ങളെ കൊതിയോടെ ഉറ്റു നോക്കി നില്പാണ് ഇന്ദ്രിയങ്ങള്‍. ഓരോ വിഷയവും വെവ്വേറെ നുണഞ്ഞ് അവ അലഞ്ഞു തുടങ്ങിയാല്‍ അവസാനമില്ല. കിട്ടിയതിന്റെ രുചി അയവിറക്കി മനസ്സ് സുഖമോഹങ്ങളിലകപ്പെടുന്നു. അഭിലാഷങ്ങള്‍ നിറവേറാതെ വരുമ്പോള്‍ ആശാഭംഗവും ക്രോധവും വിഭ്രാന്തിയുമുണ്ടാകുന്നു.

(തുടരും)






MathrubhumiMatrimonial